കൊല്‍ക്കത്ത: പരിക്കിന് ശേഷമുള്ള തിരിച്ചു വരവായിരുന്നു റയാന്‍ ബ്രൂസ്റ്ററിന് അണ്ടര്‍-17 ലോകകപ്പ് വേദി, ലോകകപ്പ് തുടങ്ങുമ്പോള്‍ കളത്തിലെ പ്രതിഭകളാവുമെന്ന് പ്രവചിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ ഈ കൗമാര താരത്തിന്റെ പേരുണ്ടായിരുന്നില്ല, പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയ ഈ ലിവര്‍പൂള്‍ താരം ഇന്ത്യയില്‍ നിന്ന് മടങ്ങുന്നത് ഗോള്‍ഡന്‍ ബൂട്ടുമായി, ലോകകപ്പിലെ ഏറ്റവും തിളക്കമേറിയ താരമെന്ന വിശേഷണവുമായി.
സീനിയര്‍ ടീമിലേക്കുള്ള ബ്രൂസ്റ്ററിന്റെ വരവ് അകലെയല്ലെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ യോര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കി കഴിഞ്ഞു. ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ അസാനിധ്യത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ഇംഗ്ലീഷ് താരം ജേഡണ്‍ സാഞ്ചോയിലായിരുന്നു ശ്രദ്ധ മുഴുവനും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫില്‍ ഫോഡന്‍, യുണൈറ്റഡിന്റെ എയ്ഞ്ചല്‍ ഗോമസ് എന്നിവരിലേക്കും കണ്ണെത്തി. അപ്പോഴും ബ്രൂസ്റ്റര്‍ റഡാറിന് പുറത്തായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ഗോമസും സാഞ്ചോയുമാണ് ഇംഗ്ലണ്ടിനായി പേരെടുത്ത പ്രകടനം പുറത്തെടുത്തത്. നോക്കൗട്ട് ഘട്ടത്തില്‍ ആദ്യ 15 മിനിറ്റില്‍ ഗോള്‍ നേടുകയെന്നതായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ജപ്പാനെ അവരുടെ പ്രതിരോധം രക്ഷിച്ചപ്പോള്‍ യുഎസ്, ബ്രസീല്‍ ടീമുകള്‍ക്കെതിരേ തന്ത്രം ഫലവത്തായി. ഈ രണ്ട് മത്സരങ്ങളിലും ബ്രൂസ്റ്റര്‍ ഹാട്രിക്ക് നേടി. ഒരു ഗോള്‍ മെക്‌സിക്കോയ്‌ക്കെതിരേയും. ഇതോടെ ടോപ് സ്‌കോര്‍ പദവിയില്‍ മുന്നിലെത്തി.

ചെല്‍സിയുടെ അക്കാദമി വഴിയാണി ബ്രൂസ്റ്റര്‍ വളര്‍ന്നത്. ഏഴാം വയസില്‍ അക്കാദമിയിലെത്തി. സ്വന്തം അക്കാദമിയില്‍ വളര്‍ന്ന താരങ്ങള്‍ക്ക് സീനിയര്‍ ടീമില്‍ ഇടം നല്‍കാന്‍ ചെല്‍സി കാണിക്കുന്ന വിമുഖതയാണ് ബ്രൂസ്റ്ററെ ലിവര്‍പൂളിലെത്തിക്കാന്‍ പ്രേരിപ്പിച്ചത്. ലിവര്‍പൂള്‍ യൂത്ത് അക്കാദമിയിലെ തകര്‍പ്പന്‍ പ്രകടനം ക്ലോപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. വൈകാതെ സീനിയര്‍ ടീമിനൊപ്പം ചേരാനും നിര്‍ദ്ദേശമുണ്ടായി.താരങ്ങളുടെ വ്യക്തിഗത മികവിനെ കുറിച്ച് സംസാരിക്കാന്‍ അത്ര താല്‍പര്യം കാണിക്കാത്ത ഇംഗ്ലണ്ടിന്റെ അണ്ടര്‍-17 പരിശീലകന്‍ സ്റ്റീവ് കൂപ്പര്‍ ബ്രൂസ്റ്ററെ കുറിച്ച് ചോദിച്ചാല്‍ വാചാലനാവും. ബ്രൂസ്റ്ററെ കുറിച്ച് സംസാരിക്കാനാണ് എനിക്കിപ്പോള്‍ കൂടുതല്‍ ഇഷ്ടം. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ഭാവിയില്‍ ബ്രൂസ്റ്റര്‍ക്ക് വ്യക്തമായ പങ്കുവഹിക്കാനുണ്ട്-കൂപ്പര്‍ പറയുന്നു.