മെയിന്‍പുരി: പരാതി പറയാന്‍ ഉത്തര്‍പ്രദേശിലെ പോലീസ് സ്‌റ്റേഷനിലെത്തിയ സഹോദരിമാര്‍ക്ക് നേരെ പോലീസിന്റെ ലൈംഗികാതിക്രമം. തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനാണ് സഹോദരിമാര്‍ സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ സ്റ്റേഷനില്‍ ഇവര്‍ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടാവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ഉദ്യോഗസ്ഥനെതിരെ അധികൃതര്‍ നടപടിയെടുത്തിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ ഗെയ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് പരാതിയ പറയാനെത്തിയ സഹോദരിമാര്‍ക്കെതിരെ പോലീസിന്റെ അതിക്രമം. എന്നാല്‍ സംഭവം പോലീസുകാര്‍ നിഷേധിക്കുകയായിരുന്നു. പെണ്‍കുട്ടികളാണ് പോലീസുകാര്‍ക്കെതിരെ മോശമായി പെരുമാറിയതെന്നായിരുന്നു വാദം. എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരന്നതോടെ കാര്യങ്ങള്‍ വ്യക്തമാകുകയായിരുന്നു. ഈശ്വരി പ്രസാദ് എന്ന പോലീസുകാരന്‍ സഹോദരിമാരില്‍ ഒരാളോട് മോശമായി പെരുമാറുന്നത് വീഡിയോയില്‍ കാണാം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോപണ വിധേയരായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.