ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ അച്ഛന്‍ തീകൊളുത്തി . കുടുംബാംഗങ്ങളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പ്രകോപനമെന്ന് പൊലീസ് പറയുന്നു. 20 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാംബല്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. ജോഗേന്ദ്രയാണ് മകളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. കുട്ടിയുടെ കഴുത്തിനും മുഖത്തും കൈകളിലും പൊള്ളലേറ്റ പാടുണ്ട്. ജോഗേന്ദ്രയ്ക്ക് മദ്യപാനശീലമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

മദ്യലഹരിയില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവാവ് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ കൊല്ലാനായിരുന്നു ജോഗേന്ദ്ര ഉദ്ദേശിച്ചിരുന്നതെന്ന് ഭാര്യ ആരോപിച്ചു. ഇതില്‍ പരാജയപ്പെട്ടപ്പോള്‍ മകള്‍ക്ക് എതിരെ തിരിയുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞു.