കൊലപാതകവും ബലാത്സംഗവുമടക്കമുള്ള ക്രൂരമായ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഏറ്റവുമധികം നടക്കുന്നത് ഉത്തര്‍ പ്രദേശിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. 2016-ല്‍ ഇന്ത്യയില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ 9.5 ശതമാനവും ഉത്തര്‍ പ്രദേശിലായിരുന്നുവെന്ന് എന്‍.സി.ആര്‍.ബിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

2016-ല്‍ 30,450 കൊലപാതക കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തൊട്ടു മുന്നത്തെ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 5.2 ശതമാനം കുറവാണ്. 61,974 കലാപ കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പിടിച്ചു പറി, തട്ടിക്കൊണ്ടു പോകല്‍ കേസുകളില്‍ വര്‍ധനവുണ്ടായി.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ 3,38,954 കേസുകളുണ്ടായി. തൊട്ടു മുന്നത്തെ വര്‍ഷത്തെ അപേക്ഷിച്ച് ഇത് കൂടുതലാണ്. 38,947 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 4,882-ഉം ഉത്തര്‍ പ്രദേശിലാണ്. പട്ടിക ജാതി – വര്‍ഗക്കാര്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ (40,801) 10,426 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് യു.പിയില്‍ തന്നെ.