തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലാത്തവരെ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് സര്‍ക്കാര്‍ ഒടുവില്‍ നടപ്പിലാക്കി. മലപ്പുറം കൊടക്കാട് സ്വദേശിനി ഗര്‍ഭപാത്രമില്ലാത്ത തന്റെ മകള്‍ക്ക് വേണ്ടി നല്‍കിയ പരാതിയിലാണ് ഇവരെ ഭിന്നശേഷിക്കാരിയായി പരിഗണിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ സര്‍ക്കാറിന് ഉത്തരവ് നല്‍കിയത്. തുടര്‍ന്നാണ് ഇത്തരക്കാരെ 50 ശതമാനം വൈകല്യമുള്ളവരുടെ വിഭാഗത്തില്‍ പരിഗണിക്കാന്‍ ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ തൊഴില്‍ സംവരണം, പെന്‍ഷന്‍, സൗജന്യയാത്ര തുടങ്ങി ഭിന്നശേഷികാര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭ്യമാകും. ഭിന്നശേഷി സര്‍ട്ടിഫിക്കേറ്റ് നല്‍കുന്ന മെഡിക്കല്‍ ബോര്‍ഡില്‍ ഇവര്‍ക്കായി ഗൈനക്കോളജിസ്റ്റിനെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് തന്റെ മകള്‍ക്ക് ഗര്‍ഭപാത്രമില്ലെന്ന് കണ്ടെത്തിയിട്ടുള്ളതായി കൊടക്കാട് സ്വദേശിനി പരാതിയില്‍ പറഞ്ഞു. അതുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ ദിനംപ്രതി അനുഭവിച്ച് വരുന്ന മകളെ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. കമ്മീഷന്‍ ആരോഗ്യവകുപ്പില്‍ നിന്നും വിശദീകരണം തേടിയിരുന്നു. പ്രത്യുല്‍പാദനത്തിനാവശ്യമായ അവയവങ്ങള്‍ ഇല്ലാത്തത് അംഗപരിമിതിയല്ലെന്ന് കേന്ദ്ര സംസ്ഥാന നിയമങ്ങളിലുള്ളതായി ആരോഗ്യവകുപ്പ് ഡയരക്ടര്‍ കമ്മീഷനെ അറിയിച്ചിരുന്നു. അതേസമയം ഇക്കാര്യം സര്‍ക്കാറിന് പരിഗണിക്കാമെന്നും വിശദീകരണത്തില്‍ ഉണ്ടായിരുന്നു.
ഗര്‍ഭപാത്രത്തിന്റെ അഭാവത്തില്‍ വിഷമം നേരിടുന്ന നിര്‍ഭാഗ്യജീവിതങ്ങള്‍ക്ക് നിയമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ആശ്വാസകരമാകുമെന്നും കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു.