ന്യൂഡല്‍ഹി: ബീഫ് വിറ്റുവെന്നാരോപിച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ച ഇറച്ചി വില്‍പനക്കാരന്‍ മരിച്ചു. പൊലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്ന സലീം ഖുറൈശി എന്നയാളാണ് മരിച്ചത്. ജൂണ്‍ 14-നാണ് ഖുറൈശിയെ ബീഫ് വിറ്റുവെന്നാരോപിച്ച് പൊലീസ് വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയത്. സമീപത്തെ ഒരു കല്യാണ മണ്ഡപത്തിലേക്ക് കൊണ്ടുപോയ ഖുറൈശിയെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഫര്‍സാന പറഞ്ഞു.

പശുവിനെ അറുത്തുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കന്‍കര്‍തോലാ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ അലി മിയ സൈദിയുടെ നിര്‍ദേശപ്രകാരമാണ് രണ്ട് പൊലീസുകാര്‍ ഖുറൈശിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ ഖുറൈശിയെ ആദ്യം സമീപത്തെ ചെറിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആരോഗ്യനില വഷളായതോടെ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം എയിംസിലേക്ക് മാറ്റുകയായിരുന്നു.

കൊലപാതകത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടറേയും രണ്ട് കോണ്‍സ്റ്റബിള്‍മാരേയും സസ്‌പെന്‍ഡ് ചെയ്തതായി ബറേലി എസ്.എസ്.പി കലാനിധി നൈഥാനി പറഞ്ഞു. ഖുറൈശിയുടെ കുടുംബത്തിന്റെ പരാതി പ്രകാരം പൊലീസുകാര്‍ക്കെതിരെ കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി.