ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു. ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജോഷിമഠില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിരവധിപ്പേര്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ ഐടിബിപിയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് സംഭവം. കനത്തമഴയെ തുടര്‍ന്നാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സേനാനീക്കത്തിന് ഉപയോഗിക്കുന്ന ജോഷിമഠംമലാരി പാലം ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. അളകനന്ദ നദിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അറിയിച്ചു. ആ

മുന്‍കരുതല്‍ എന്ന നിലയില്‍ ഭഗീരഥി നദിയുടെ ഒഴുക്ക് കുറച്ചിട്ടുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്ക് കുറയ്ക്കാന്‍ അളകനന്ദ നദിയില്‍ സ്ഥാപിച്ചിട്ടുള്ള ശ്രീനഗര്‍, ഋഷികേശ് അണക്കെട്ടുകള്‍ തുറന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. .ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അടുത്ത ഒരു മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് അധികൃതര്‍ പറയുന്നത്.