കൊച്ചി: വിദേശകാര്യ സഹമന്ത്രി വി മുരളീധരനൊപ്പം പി.ആര്‍ മാനേജറായ സ്മിത മേനോന്‍ പങ്കെടുത്ത ഓഷ്യന്‍ റിം അസോസിയേഷന്‍ സമ്മേളനത്തിന്റെ ദ്യശ്യങ്ങള്‍ പുറത്ത്. നയതന്ത്ര സംഘത്തിന്റെ ഭാഗമല്ലാത്ത സ്മിത മേനോന്‍ സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് മന്ത്രിക്ക് ഒപ്പം സ്മിത മേനോന്‍ വേദി പങ്കിടുന്ന ദ്യശ്യങ്ങളും പുറത്ത് വരുന്നത്.

ഇന്ത്യയുടെ ഔദ്യോഗിക നയതന്ത്ര പ്രതിനിധി സംഘത്തിനൊപ്പം തന്നെയായിരുന്നു സ്മിത മേനോന്‍ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് ഇപ്പോള്‍ പുറത്തു വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മന്ത്രി ഇരിക്കുന്ന അതേ വേദിയില്‍ മന്ത്രിതല സംഘത്തിനൊപ്പം തന്നെയായിരുന്നു സ്മിത മേനോന്റെയും ഇരിപ്പിടം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ യൂട്യൂബിലാണ് ദൃശ്യങ്ങളുള്ളത്. മാധ്യമപ്രവര്‍ത്തകയായാണ് സ്മിത കോണ്‍ഫറന്‍സിന് എത്തിയതെന്നായിരുന്നു മന്ത്രി വി മുരളീധരന്റെ വാദം. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഇത് നുണയാണെന്ന് വ്യക്തമായിരിക്കുകയാണ്.