കോവിഡ്-19 മഹാമാരിക്കെതിരായ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ രാജ്യത്ത് പലരും ഇപ്പോഴും മടിച്ചുനില്‍ക്കുകയാണ്. ദേശീയശരാശരിയേക്കാള്‍ കൂടുതല്‍പേര്‍ കേരളത്തില്‍ കോവിഡ്‌വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും എട്ടുലക്ഷത്തിലധികംപേര്‍ ഇപ്പോഴും ഒരുഡോസ് വാക്്‌സിന്‍പോലും സ്വീകരിച്ചിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. ഇതില്‍ അയ്യായിരത്തിലധികംപേര്‍ അധ്യാപകരാണെന്നും അതിനാല്‍ സ്്കൂളുകളില്‍ അവരെ അധ്യാപനത്തിനായി നിരുപാധികം പ്രവേശിപ്പിക്കേണ്ടതില്ലെന്നുമാണ് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ കുട്ടികളില്‍ രോഗം പകര്‍ത്തുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക. രക്ഷിതാക്കളിലും ഈ ഉത്കണ്ഠയുണ്ട്. വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് വന്നിട്ടുണ്ടെങ്കിലും ഈ ആശങ്ക അസ്ഥാനത്താണെന്ന് പറയാനാവില്ല. സ്‌കൂളുകള്‍ മുഴുവന്‍സമയവും പ്രവര്‍ത്തിക്കുകയും ക്ലാസുകള്‍ സാധാരണരീതിയിലേക്ക് മടങ്ങുകയും ചെയ്യുമ്പോള്‍ എല്ലാ അധ്യാപക-അനധ്യാപകരും വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും അല്ലാത്തപക്ഷം അവര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ആഴ്ചയിലൊരിക്കല്‍ സ്വന്തംചെലവില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുകയും ചെയ്തിരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

അലര്‍ജി, പാര്‍ശ്വഫലങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാനാവില്ലെന്നാണ് പലഅധ്യാപകരും പറയുന്നത്. ഇവരുടെ എണ്ണം 2282 ആണെന്നാണ് വിദ്യാഭ്യാസവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്കുപുറമെ പ്രകൃതിജീവനം, വിശ്വാസംപോലുള്ള കാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരായി 3000ത്തിലധികം പേരുണ്ടെന്നാണ് നിഗമനം. 2021 ജനുവരിയില്‍ ആരംഭിച്ച വാക്‌സിനേഷന്‍ അനുസരിച്ച് സംസ്ഥാനത്ത് 96.11 ശതമാനംപേര്‍ ഒരുഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 67 ശതമാനംപേര്‍ മാത്രമാണ് രണ്ടുഡോസും സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് രണ്ടുഡോസും സ്വീകരിച്ചിട്ടുള്ളത് 32 ശതമാനംപേര്‍ മാത്രമാണ്. കേരളത്തില്‍ കോവിഡ്മരണം നാല്‍പതിനായിരത്തിലധികമാണ്. ഇവരില്‍ അധ്യാപകരുമുണ്ട്. ഇപ്പോഴും പ്രതിദിനം അയ്യായിരത്തോളംപേര്‍ രോഗികളാകുന്നു. വാക്‌സിന്‍ ക്ഷാമമടക്കം പലവിധകാരണങ്ങളാണ് വാക്‌സിന്‍ സ്വീകരിക്കാതിരിക്കാന്‍ പറയുന്നതെങ്കിലും അതില്‍പ്രധാനം പാര്‍ശ്വഫലങ്ങള്‍തന്നെയാണ്. കേരളത്തില്‍ 82ശതമാനം പേരില്‍ കോവിഡ് പ്രതിരോധശക്തി ഉണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍കണക്കുകള്‍ പറയുന്നത്. അത്തരമൊരു അവസ്ഥയില്‍ എന്തിനാണ് വാക്‌സിനെടുക്കാന്‍ മടിക്കുന്നവരെ അതിന് നിര്‍ബന്ധിക്കുന്നതെന്നാണ് ചിലരുന്നയിക്കുന്ന ചോദ്യം. വാക്‌സിന്‍ സ്വീകരിച്ചവരിലും കോവിഡ് വന്നുവെന്നും അവരില്‍പലരും മരണത്തിന് കീഴടങ്ങിയെന്നും കണക്കുകളുദ്ധരിച്ച് സമര്‍ത്ഥിക്കുന്നവരുണ്ട്. കേരളഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് പരാതി നിലനില്‍ക്കുകയാണ്. പൗരന്റെ വാക്‌സിന്‍ സ്വീകരിക്കാതിരിക്കാനുള്ള ഭരണാഘടനാപരമായ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വിധി ചിലകോടതികള്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. യൂറോപ്പിലെയും മറ്റും ചിലരാജ്യങ്ങളില്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിനെതിരെയും നിയന്ത്രണം കടുപ്പിക്കുന്നതിനെതിരെയും വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ നടന്നുവരികയുമാണ്.

എങ്കിലും ഒമിക്രോണ്‍ പോലെ കോവിഡിന്റെ പുതിയവകഭേദങ്ങള്‍ ലോകത്താകെ പടരുന്നകാലത്ത് വീണ്ടുമൊരു കൂട്ടമരണത്തിന് കൂട്ടുനില്‍ക്കാന്‍ ആര്‍ക്കുമാവില്ല. കുട്ടികളില്‍ രോഗം പടരാതിരിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമല്ല, അധ്യാപകരുള്‍പ്പെടെയുള്ള സമൂഹത്തിനാകെയുണ്ടെന്ന് തിരിച്ചറിഞ്ഞ് വിദ്യാഭ്യാസവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങളുമായി സഹകരിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. വാക്‌സിന്‍ ആദ്യകാലത്ത് വേണ്ടത്ര ഇല്ലാതിരുന്ന അവസ്ഥ ഇന്ന് ഇല്ലാതായിട്ടുണ്ട്. ആര്‍ക്ക് എപ്പോള്‍വേണമെങ്കിലും വാക്‌സിന്‍ വിലകൊടുത്തും അല്ലാതെയും കിട്ടുമെന്ന അവസ്ഥവന്നിട്ടുണ്ട്. ഇത് കണക്കിലെടുത്ത് എല്ലാവരും വാക്‌സിന്‍ സ്വീകരിക്കുകയാണ് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാന്‍ വേണ്ടത്. പരമാവധിപേരെ വാക്‌സിനെടുക്കാന്‍ സ്‌നേഹബുദ്ധ്യാ നിര്‍ബന്ധിക്കുകയും അതിലേക്ക് അവരെ മാനസികമായി തയ്യാറാക്കുകയുമാണ് സര്‍ക്കാര്‍വകുപ്പുകളും മന്ത്രിമാരും മറ്റും ചെയ്യേണ്ടത്. സഹ അധ്യാപകരുടെ പങ്കും എടുത്തുപറയത്തക്കതാണ്. കുട്ടികള്‍ക്ക് മാതൃക കാട്ടേണ്ടവര്‍ സ്വജീവിതത്തില്‍ അത് പാലിക്കാതിരിക്കുന്നതിന് വ്യക്തമായ വിശദീകരണമില്ല. അതിനുപുറമെ സര്‍ക്കാറിന്റെ ശമ്പളം വാങ്ങുന്നവരെന്നനിലയില്‍ സര്‍ക്കാര്‍ പറയുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ബാധ്യതയും അധ്യാപകര്‍ക്കും ഗവ.ജീവനക്കാര്‍ക്കുമുണ്ട്. മാസ്‌ക് വെക്കാത്തവര്‍ക്കും സാമൂഹികാ അകലം പാലിക്കാത്തവര്‍ക്കുമെതിരെ പിഴചുമത്താനും കേസെടുക്കാനും സര്‍ക്കാരിന് കഴിയുന്നത്് അതിന്റെ പ്രത്യേകാധികാര പരിധിപ്രകാരമാണ്. ജനങ്ങളുടെയും സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെയും ഭരണഘടനാദത്തമായ അവകാശങ്ങള്‍ പരമാവധി ഹനിക്കാതെ അവരുടെ വിശ്വാസം ആര്‍ജിക്കുകയാണ് സര്‍ക്കാരുകള്‍ ഈ ഘട്ടത്തില്‍ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ ഇതരസംസ്ഥാനങ്ങള്‍ സ്വീകരിച്ചരീതി അവലംബിക്കുകയാണ് അഭികാമ്യം. അധ്യാപകസംഘടനകളുമായി വിഷയം ചര്‍ച്ചചെയ്യണം. താക്കീതിന്റെയും വിരട്ടലിന്റെയും രീതിക്കപ്പുറം അനുനയരൂപത്തിലുള്ള സമീപനമായിരിക്കണം സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. കേരളത്തിന് മാത്രമായി അതില്‍ പ്രത്യേകിച്ചൊന്നും നടപ്പാക്കേണ്ടതില്ല.