തിരുവനന്തപുരം: നിയമസഭയില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി നിയമമന്ത്രി എ.കെ ബാലന്‍. വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുമ്പോളാണ് മന്ത്രി ബാലന്‍ വിവാദ പരാമര്‍ശം നടത്തിയത്.

പ്രതിപക്ഷത്തു നിന്ന് അനില്‍ അക്കരെയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിയമസഭയില്‍ ഉന്നയിച്ച കാര്യങ്ങള്‍ എം.എല്‍.എക്ക് കേസന്വേഷിക്കുന്ന ഗുരുവായൂര്‍ എസിപിക്ക് മുന്നില്‍ പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ അനില്‍ അക്കരെയോടുള്ള പരാമര്‍ശം സഭയില്‍ ബഹളത്തിനിടയാക്കി. മന്ത്രി സാമാന്യ മര്യാദ പാലിക്കണമെന്നും സഭയിലെ ഒരംഗം ഉത്തരവാദിത്വത്തോടെ ഒരു കാര്യം പറയുമ്പോള്‍ അതിനെ നിസാരമായി കാണുന്ന എ.കെ ബാലന്റെ നടപടി ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്നു മന്ത്രി ബാലന്റെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.

വടക്കാഞ്ചേരി വിഷയത്തില്‍ സര്‍ക്കാര്‍ ലാഘവം കാണിക്കു്ന്നു എന്നാരോപിച്ച്  പ്രതിപക്ഷ വാക്കൗട്ട് നടത്തി. വിഷയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി അംഗം ഒ രാജഗോപാലും സഭയില്‍ നിന്നും ഇറങ്ങിപോയി.

അതേസമയം വടക്കാഞ്ചേരിയില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെട്ട സംഘം വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസ് സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് നിയമ മന്ത്രി എകെ ബാലന്‍ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു.

എന്നാല്‍ പീഡനം സംബന്ധിച്ച പരാതി നേരത്തെ തന്നെ വന്നതാണെന്നും അന്ന് പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നും അനില്‍ അക്കരെ ആരോപിച്ചു. 2013 ആഗസ്ത് 13 ന് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് രാഷ്ട്രീയ നേതൃത്വം ഇടപെട്ട് കേസ് ഒതുക്കുകയായിരുന്നു.സിപിഎം ആഭിമുഖ്യമുള്ള വടക്കാഞ്ചേരിയിലെ ഒരു വനിതാ അഭിഭാഷകയും മൂന്ന് സിപിഎം കൗണ്‍സിലംഗങ്ങളും ചേര്‍ന്ന് കേസ് ഒത്തു തീര്‍പ്പാക്കുകയായിരുന്നു. അതിന് പോലീസിന്റെ ഭാഗത്തു നിന്ന് സഹായം ഉണ്ടായെന്നും അനില്‍ അക്കരെ ആരോപിച്ചു.

ഇപ്പോള്‍ കേസന്വേിക്കുന്ന ഗുരുവായൂര്‍ എസിപിക്ക് അടക്കം ഇക്കാര്യങ്ങള്‍ അറിവുള്ളതാണെന്നും തൃശൂര്‍ റേഞ്ച് ഐജി അടക്കമുള്ള ഉദ്യോഗസ്ഥരെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും എഡിജിപി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ കേസന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണം ഗൗരവമായി പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എകെ ബാലന്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണും. സര്‍ക്കാര്‍ ആരേയും സംരക്ഷിക്കില്ലെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പ്രതികളുടെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.