മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് കഴിഞ്ഞ മാര്‍ച്ച് 10ന് കാണാതായ പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയതാണന്ന് കണ്ടെത്തല്‍. കൊലപാതകം നടത്തി മൃതദേഹം മണ്ണിട്ടു മൂടി ഒളിപ്പിച്ച പ്രതി അന്‍വര്‍ പിടിയില്‍. തിരൂര്‍ ഡി.വൈ.എസ്.പി. കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസിന് തുമ്പുണ്ടാക്കിയത്.

പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി കൊലപ്പെടുത്തി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന ആരംഭിച്ചത്. കൊലപ്പെടുത്തിയ ശേഷം വെട്ടുകല്ല് ക്വാറിക്കു സമീപത്തെ അന്‍വറിന്റെ ഭൂമിയില്‍ എത്തിച്ച് മണ്ണിട്ട് മൃതദേഹം മൂടുകയായിരുന്നു. പ്രതിയെ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വലയിലായത്. കഴിഞ്ഞ മാര്‍ച്ച് 10നാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പെണ്‍കുട്ടി പുറപ്പെട്ടത്. ജോലി സ്ഥലത്തേക്ക് പോവുന്ന വഴിയിലെ സി.സി.ടി.വി ക്യാമറയില്‍ പെണ്‍കുട്ടി നടന്നു പോവുന്ന വ്യക്തമായ ദൃശ്യങ്ങളുണ്ട്.

പിന്നീട് എങ്ങോട്ടു പോയെന്ന സംശയം ദുരൂഹമായി തുടരുകയായിരുന്നു. പെണ്‍കുട്ടിയുടെ തിരോധാനം കണ്ടെത്താന്‍ തിരൂര്‍ ഡി.വൈ.എസ്.പി. കെ.എ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നാളെ തെളിവെടുപ്പിനായി പ്രതിയെ സംഭവ സ്ഥലത്ത് എത്തിക്കും. കൊലപാതകത്തിന് മുന്‍പോ ശേഷമോ മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സുബീറയെ കാണാതായി 40 ദിവസത്തിന് ശേഷം ആണ് മൃതദേഹം കണ്ടെത്തുന്നത്. സുബീറയുടെ വീടിന് 500 മീറ്റർ അകലെ മണ്ണിട്ട് മൂടിയ നിലയിൽ ആയിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ സൂബീരയുടെ അയൽവാസി ആണ്.

ചെങ്കൽ ക്വാറിയോട് ചേർന്നു കിടക്കുന്ന പ്രദേശത്തിന് അടുത്താണ് മൃതദേഹം മണ്ണിട്ട് മൂടിയത്. അടുത്ത ദിവസം പെയ്ത കനത്ത മഴയിൽ മണ്ണ് അല്പം നീങ്ങിയതോടെ ഇയാൾ പ്രദേശത്ത് മണ്ണിടാൻ തീരുമാനിച്ചു. പ്രദേശത്ത് മണ്ണ് മൂടാൻ എത്തിയ ജെ സി ബി ഡ്രൈവർ അഴുകിയ ഗന്ധം അനുഭവപ്പെട്ടത് പൊലീസിനെ അറിയിച്ചു.

ഉടൻ സ്ഥലത്ത് എത്തിയ പൊലീസ് പരിസരം പരിശോധിക്കുകയും മണ്ണിനടിയിൽ മൃതദേഹത്തിന്റെ കാൽ കാണുകയും ചെയ്തു. ഇതോടെ ആണ് അയൽവാസിയെ കസ്റ്റഡിയിൽ എടുത്തത്.