X

വേങ്ങര; ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാര്‍ സമീപനം ഇടതുമുന്നണിക്ക് വിനയായെന്നു വിലയിരുത്തല്‍

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: വേങ്ങര നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം കാര്യമായി ലക്ഷ്യമിട്ട ന്യൂനപക്ഷവിഭാഗങ്ങളെ ആകര്‍ഷിക്കാനോ വോട്ടിംങില്‍ പ്രതിഫലിപ്പിക്കാനോ കഴിഞ്ഞില്ലെന്ന് ഇടതുമുന്നണിക്കുള്ളില്‍ വിലയിരുത്തല്‍, വോട്ടുകളെണ്ണാനിരിക്കെ വിവിധ കീഴ്ഘടകങ്ങള്‍ നടത്തിയ അവലോകനത്തിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് വോട്ടര്‍മാരെ തോന്നിപ്പിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാറിന്റെ വിവിധ സമീപനങ്ങള്‍ വിനയായി. പ്രചാരണത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടുന്നതിനു നേതാക്കള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും അത് ഏറ്റെടുക്കുന്ന മട്ടില്‍ വോട്ടര്‍മാരില്‍ മതിയായ പ്രതികരണം ഉളവാക്കിയില്ല.

ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കാന്‍ തരത്തിലുള്ള പ്രചാരണത്തിലൂന്നണമെന്നായിരുന്നു തുടക്കം മുതലേ ഇടതുമുന്നണി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. ന്യൂനപക്ഷങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത നേതാക്കളെ പ്രചാരണത്തിലിറക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം വിവാദ വര്‍ഗീയ പരാമര്‍ശം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രചാരണത്തിനിറങ്ങിയിരുന്നില്ല. വിദ്യാഭ്യാസമന്ത്രി പ്രൊഫ രവീന്ദ്രനാഥിനെയും തോമസ് ചാണ്ടിയെയും വേങ്ങരയില്‍ നിന്നും ഒഴിവാക്കിയത് കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു.

ബൂത്ത് തലത്തില്‍ നിന്നുള്ള നിരാശാജനകമായ കണക്കുകളാണ് കീഴ്ഘടകങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പിനു മുമ്പ് ചേര്‍ന്ന യോഗത്തില്‍ വേങ്ങരയില്‍ ഇടതുമുന്നണിക്ക് വിജയിക്കാനാകില്ലെങ്കിലും യു.ഡി.എഫിന്റെ ഭൂരിപക്ഷം പരമാവധി കൂറക്കാന്‍ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങണമന്ന് മുന്നണി നേതൃത്വം നിര്‍ദേശിച്ചിരുന്നു.
യു.ഡി.എഫില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ് വേങ്ങരയിലെ ന്യൂനപക്ഷങ്ങളെന്നത് മനസ്സിലാക്കിയാണ് ന്യൂനപക്ഷസംരക്ഷകര്‍ തങ്ങളാണെന്ന് സ്ഥാപിക്കാന്‍ ഇടതു മുന്നണി നേതാക്കള്‍  ശ്രമിച്ചത്. ന്യൂനപക്ഷവിഷയങ്ങളാണ് ഇടതുമുന്നണി പ്രധാനമായും പ്രചാരണമാക്കിയത്. ഡല്‍ഹിക്കടുത്ത് ട്രെയിനില്‍ വെച്ച് ജുനൈദിനെ സംഘ്പരിവാര്‍ വധിച്ചപ്പോള്‍ കുടുംബത്തിനു സംരക്ഷണമൊരുക്കാന്‍ സി.പി.എം ആണ് ആദ്യം രംഗത്ത് വന്നതെന്ന മട്ടിലായിരുന്നു പ്രചാരണം. ഇതു പക്ഷേ വിലപ്പോയില്ല. മുസ്‌ലിംലീഗ് ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചും സഹായങ്ങളും ആദ്യമെത്തിയതുമെല്ലാം യു.ഡി.എഫ് തെളിവു സഹിതം പുറത്തുവിട്ടതോടെ സി.പി.എം പ്രചാരണം പാളുകയായിരുന്നു. ന്യൂനപക്ഷ വിഷയങ്ങളില്‍ യു.ഡി.എഫ് ഇടപെടുന്നില്ലെന്നും ബിജെപിയുമായി രാജ്യത്ത് തങ്ങളാണ് പോരാടുന്നതെന്നും സ്ഥാപിക്കാനായിരുന്നു ഇടത് ശ്രമം. ഇതും വിലപ്പോയില്ല.

സമീപകാലത്ത് കേരളത്തില്‍ നടക്കുന്ന സി.പി.എം -ബി.ജെ.പി അഡ്ജസ്റ്റ്‌മെന്റ് യു.ഡി.എഫ് വിശദമായി ഉയര്‍ത്തിക്കാട്ടിയത് ഇടതുമുന്നണിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. ബംഗാളില്‍ മമതാബാനര്‍ജി സര്‍ക്കാര്‍ സംഘ്പരിവാറിനോട് പോരാടുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സമാനകാര്യങ്ങളിലെല്ലാം സഹായകരമായ നിലപാട് സ്വീകരിക്കുന്നത് യു.ഡി.എഫ് തെളിവു സഹിതം പുറത്തുവിട്ടതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഷാര്‍ജയിലെ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനത്തെ സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിക്കാനും ശ്രമിച്ചത് ഏശിയില്ല. തടവുകാരെ വിട്ടയക്കുന്നത് ഓരോ വര്‍ഷവും നടക്കുന്നതാണെന്ന വിവരം വോട്ടര്‍മാരെ യു.ഡി.എഫ്‌ബോധ്യപ്പെടുത്തി. യു.ഡി.എഫ് ഒരേ സമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ ഭരണത്തെയും സി.പി.എം ബി.ജെ.പി ബാന്ധവത്തെയും ന്യൂനപക്ഷദ്രോഹങ്ങളടക്കം തുറന്നുകാണിച്ചു. വേങ്ങരയില്‍ ഇടതുമുന്നണി പ്രചാരണം പല വിധത്തില്‍ നടത്തിയെങ്കിലും യു.ഡി.എഫിനെക്ഷീണിപ്പിക്കാന്‍ കഴിയുന്നമട്ടിലല്ല കാര്യങ്ങള്‍ നീങ്ങിയതെന്നും വിലയിരുത്തലുണ്ട്.

മിക്ക ബൂത്തുകളിലും ഇടതുമുന്നണി പിറകോട്ട് പോകുമെന്നും സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ യു.ഡി.എഫിനെ കൂടുതല്‍ ഉന്‍മേഷത്തിലാക്കിയതായും പോളിംങ് ശതമാനം വര്‍ധിക്കാന്‍ ഇത് ഘടകമായതായും വിലയിരുത്തലുണ്ട്.  വേങ്ങരയില്‍ സോളാര്‍ നടപടി പോളിങില്‍ യു.ഡി.എഫിനെതിരെ വീഴ്ത്തുമെന്ന് ധരിച്ചാണ് വോട്ടെടുപ്പ് ദിവസം നോക്കി മുഖ്യമന്ത്രി അന്വേഷണ നടപടികള്‍ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വമ്പന്‍ പാളിച്ചയായാണ് വേങ്ങരയില്‍ ഇപ്പോള്‍ ഇടതുമുന്നണിയില്‍ തന്നെയുള്ള വിലയിരുത്തല്‍. സര്‍ക്കാര്‍ നടപടി യു.ഡി.എഫ് പ്രവര്‍ത്തകരെ കൂടുതല്‍ കര്‍മനിരതരാക്കിയെന്നും രാഷട്രീയ പ്രേരിത നടപടിക്കെതിരെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ആവേശപൂര്‍വം പ്രവര്‍ത്തകര്‍ ഇറങ്ങിയത് പോളിംങ്ശതമാനം വര്‍ധിപ്പിച്ചെന്നും വിലയിരുത്തലുണ്ട്.

chandrika: