തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് പൊലീസ് കുറ്റപത്രം. കൊലപാതകം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പക പോക്കലായിരുന്നുവെന്ന് തെളിഞ്ഞതോടെ രാഷ്ട്രീയ കൊലപാതകമാണെന്ന സിപിഎം ആരോപണം പൊളിഞ്ഞു.

ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും രാഷ്ട്രീയ കൊലപാതകമാണെന്നായിരുന്നു സിപിഎം ആരോപണം. ഇരു സംഘങ്ങളും മാരകായുധങ്ങളുമായി പരസ്പരം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടും കേസ് അന്വേഷണം വഴി തിരിച്ച് വിടാനുള്ള ശ്രമങ്ങളുമുണ്ടായി. ഈ ആരോപണങ്ങളെല്ലാം ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്.

സിപിഎം വ്യാജപ്രചാരണങ്ങള്‍ അഴിച്ച് വിട്ടതോടെ സംസ്ഥാനത്തുടനീളം 168 കോണ്‍ഗ്രസ് ഓഫീസുകളും അടിച്ചുതകര്‍ക്കപ്പെട്ടിരുന്നു. കൊലപാതകം നടന്ന് 50 ദിവസങ്ങള്‍ പിന്നിട്ട് പൊലീസ് കുറ്റപത്രം തയ്യാറായതോടെ രാഷ്ട്രീയ കെലാപാതകമെന്ന സിപിഎം ആരോപണം വ്യാജമായിരുന്നു എന്ന് തെളിയുകയാണ്. ഒക്ടോബര്‍ 30നാണ് വെഞ്ഞാറമൂട് തേമ്പാംമൂട്ടില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഹഖ് മുഹമ്മദിനെയും മിഥിരാജിനെയും സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്.