മംഗളൂരു: മംഗളൂരുവില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്ന കേസില്‍ വിഎച്ച്പി നേതാവ് അറസ്റ്റില്‍. വിശ്വ ഹിന്ദു പരിഷത്തിന്റെ ഉള്ളാള്‍ ഘടകം കണ്‍വീനര്‍ താരാനാഥ് മോഹന്‍ ആണ് അറസ്റ്റിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഞായറാഴ്ച രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്ര ഭണ്ഡാരത്തോടൊപ്പം ബൈക്ക് മോഷണ കേസിലും പ്രതിയാണ് അറസ്റ്റിലായ താരാനാഥ് മോഹന്‍.

മഞ്ചനാഡിയിലെ ക്ഷേത്രത്തില്‍ നിന്നാണ് ഭണ്ഡാരം മോഷ്ടിച്ചത്. സമീപ പ്രദേശമായ മോന്തെപദവില്‍ നിന്നാണ് ഇയാള്‍ ബൈക്ക് മോഷ്ടിച്ചത്.

മഞ്ചനാടി ക്ഷേത്രത്തിലെ ഭണ്ഡാരം കടത്തിക്കൊണ്ടുപോയതുള്‍പ്പെടെ രണ്ടിടങ്ങളില്‍ കവര്‍ച്ച നടത്തിയത് താനാണെന്ന് താരനാഥ് പൊലീസിനോട് സമ്മതിച്ചു. അടുത്തിടെ പ്രദേശത്ത് കൂടുതല്‍ ക്ഷേത്രങ്ങളില്‍ മോഷണം നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ പൊലീസ് ഇയാളുടെ പങ്ക് സംശയിക്കുന്നുണ്ട്.