കൊച്ചി: മുസ്ലിംകള്‍ക്ക് ഭീകരമുദ്ര ചാര്‍ത്തി സിപിഎം കലാ സാഹിത്യ സംഘടനയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ. മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കിയും ബ്രാഹ്മണര്‍ ദരിദ്രരായി തീര്‍ന്നു എന്നും സൂചിപ്പിക്കുന്ന വീഡിയോകളാണ് പുരോഗമന കലാസാഹിത്യ സംഘടനയുടെ എറണാകുളം കമ്മിറ്റി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം ചെയ്യുന്ന തെസ്നിഖാന്‍ അഭിനയിച്ച ലഘുവീഡിയോയില്‍ മകന്‍ രാജ്യദ്രോഹിയാണെന്നാണ് പറയുന്നത്. സന്തോഷ് കീഴാറ്റൂര്‍ ക്ഷേത്രശാന്തിക്കാരനായി അഭിനയിക്കുന്ന മറ്റൊരു ലഘുവീഡിയോയില്‍ ബ്രാഹ്മണരുടെ പതിവ് പ്രാരാബ്ധങ്ങളേയാണ് അവതരിപ്പിച്ചിരിക്കുന്നത്.

മുസ്ലിംകളെ ഭീകരതയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന സംഘപരിവാര്‍ സംഘടനയുടെ അതേ രീതിയാണ് പുകസയും വീഡിയോയില്‍ അവലംബിക്കുന്നത്. ബാബു പള്ളാശേരി സംവിധാനം ചെയ്ത് പട്ടണം റഷീദ് ഏകോപനം നിര്‍വഹിച്ച പരസ്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. വ്യാപക പ്രതിഷേധമാണ് വീഡിയോക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. നേരത്തെ കോവിഡ് കാലത്തെ സാമൂഹിക അകലത്തെ ബ്രാഹ്മണരുടെ അയിത്തവുമായി താരതമ്യം ചെയ്ത് പു.ക.സ ഒരുക്കിയ വീഡിയോയും വിവാദത്തിലായിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു.