മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘ആമിയില്‍’ നിന്നുള്ള പിന്‍മാറ്റത്തെ കുറിച്ച് ബോളിവുഡ് നടി വിദ്യാബാലന്റെ പ്രതികരണം പുറത്തുവന്നു. ആദ്യമായാണ് ചിത്രത്തില്‍ നിന്നുള്ള പിന്‍മാറ്റത്തെക്കുറിച്ച് വിദ്യ പ്രതികരിക്കുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ആമിയെക്കുറിച്ചും കമലിനെക്കുറിച്ചും പരാമര്‍ശം നടത്തിയത്.

‘മാധവിക്കുട്ടിയുടെ എഴുത്തുകളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. അവരെക്കുറിച്ച് കൂടുതലായൊന്നും അറിയാത്ത ഞാന്‍ മാധവിക്കുട്ടിയുടെ എഴുത്തുകള്‍ വായിക്കാന്‍ തുടങ്ങിയിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും മാധവിക്കുട്ടിയെ കുറിച്ച് സംസാരിച്ചിരുന്നു. അവരെ വ്യക്തിപരമായും എഴുത്തുകാരിയെന്ന നിലയിലും താന്‍ കൂടുതലായും അറിയുകയും ചെയ്തു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായിരുന്നു കമലിന്റെ ആമി. ഈ സാഹചര്യത്തില്‍ കമലിനെ കുറ്റപ്പെടുത്താതെ ഞാന്‍ പിന്‍മാറുകയായിരുന്നു’; വിദ്യാബാലന്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രാരംഭ നടപടികള്‍ മുന്നോട്ടുപോയ സാഹചര്യത്തിലാണ് വിദ്യാബാലന്‍ ആമിയില്‍ നിന്ന് പിന്‍മാറുന്നതായി കമലിന് വിവരം ലഭിച്ചത്. പിന്നീട് ആമിയായി മഞ്ജുവാര്യറെത്തുകയായിരുന്നു.

വിദ്യാബാലന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയത് നന്നായെന്നും അവരായിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരുമെന്നും കമല്‍ അടുത്തിടെ പറഞ്ഞത് വിവാദമായിരുന്നു. കമല്‍ പ്രതികരണം അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഇതിനെതിരെ വിദ്യയുടെ പ്രതികരണം വന്നത്. ഏറെ വിവാദങ്ങള്‍ക്കിടെ ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങിയിരുന്നു. അതേസമയം, വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാസ്വാദകര്‍ ആമി കാത്തിരിക്കുന്നത്.