News

വിജയ് ഹസാരെ ട്രോഫി: രാജസ്ഥാനെ അവസാന പന്തിൽ മറികടന്ന് കേരളത്തിന് തകർപ്പൻ ജയം

By sreenitha

December 31, 2025

അഹമ്മദാബാദ്: രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അതേ വേഗത്തിൽ പിന്തുടർന്ന് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് നാടകീയ ജയം. 343 റൺസ് എന്ന ലക്ഷ്യം രണ്ട് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ മറികടന്ന കേരളം ടൂർണമെന്റിലെ നാലാം മത്സരത്തിൽ നിർണായക വിജയം സ്വന്തമാക്കി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ കരൺ ലംബ (119), ദീപക് ഹൂഡ (86) എന്നിവരുടെ മികവിൽ വലിയ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ നായകൻ രോഹൻ കുന്നുമ്മലിനെ നഷ്ടപ്പെട്ടെങ്കിലും കൃഷ്ണ പ്രസാദും (53) ബാബ അപരാജിതും (116 പന്തിൽ 126) രണ്ടാം വിക്കറ്റിൽ 155 റൺസിന്റെ നിർണായക കൂട്ടുകെട്ട് തീർത്തു.

തുടർന്ന് വിഷ്ണു വിനോദ് (28), മുഹമ്മദ് അസ്ഹറുദ്ദീൻ (28), അങ്കിത് ശർമ (27) എന്നിവർ ചേർന്ന് റൺചേസ് മുന്നോട്ട് കൊണ്ടുപോയി. ബാബ അപരാജിത് പുറത്തായതോടെ സമ്മർദ്ദം ഉയർന്നെങ്കിലും അവസാന ഓവറുകളിൽ ഏഡൻ ആപ്പിൾ ടോം കളി പൂർണമായും കൈയിലെടുത്തു. 18 പന്തിൽ അഞ്ച് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 40 റൺസ് നേടി പുറത്താകാതെ നിന്ന ആപ്പിൾ ടോം കേരള വിജയത്തിന് മുദ്രവച്ചു. എം.ഡി നിധീഷും (2) ഒമ്പതാം വിക്കറ്റിൽ പുറത്താകാതെ നിന്നു.

രാജസ്ഥാനുവേണ്ടി അങ്കിത് ചൗധരി നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കേരളത്തിനായി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റുകൾ നേടി. ടൂർണമെന്റിൽ ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം രണ്ട് തോൽവികൾ വഴങ്ങിയ കേരളം ഈ വിജയത്തോടെ വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്തി.