തിരുവനന്തപുരം: അന്വേഷണ ഏജന്‍സി ഒരു മന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയെന്നതുകൊണ്ട് രാജിവെക്കേണ്ട കാര്യമില്ലെന്ന് എൽഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിയമലംഘനം നടത്താത്ത ഒരാളെ ചോദ്യം ചെയ്തു എന്നത് അസാധാരണമായി കാണേണ്ടതില്ല. തെറ്റായ രൂപത്തിലുള്ള പ്രവര്‍ത്തന ശൈലി ഇടതുപക്ഷത്തിനോ മന്ത്രിമാര്‍ക്കോ ഇല്ല. ഒരു കാര്യത്തിലും ഭയപ്പാടില്ലെന്നും  വിജയരാഘവൻ വ്യക്തമാക്കി.

ഏത് വ്യക്തിയിൽ നിന്നും ഒരു അന്വേഷണ ഏജന്‍സിക്ക് വിശദാംശങ്ങള്‍ തേടാവുന്നതേയുള്ളു. അത് നിയമ വാഴ്ചയുടെ ഒരു നടപടി ക്രമം മാത്രമാണ്. മന്ത്രിക്കെതിരെ ഉയരുന്നത് ആരോപണം മാത്രമാണെന്നും വസ്തുതയല്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.