മരിക്കാത്തവരെ മരിപ്പിച്ചും, അവര്‍ക്ക് അനുശോചനമറിയിച്ചും സോഷ്യല്‍മീഡിയ എന്നും മുന്നില്‍ നില്‍ക്കാറുണ്ട്. ജീവിച്ചിരിക്കുന്ന ഒട്ടേറെ പ്രശസ്തരായവര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ മരിച്ചുകഴിഞ്ഞിട്ടുമുണ്ട്. സോഷ്യല്‍മീഡിയ പലപ്പോഴും സിനിമാ താരങ്ങള്‍ക്കുനേരെയാണ് ഇത്തരത്തിലുള്ള ആക്രമണം നടത്താറ്. എന്നാല്‍ ഇവിടെ ബി.ജെ.പിയാണ് ജീവിച്ചിരിക്കുന്ന പ്രശസ്ത നടന്‍ വിനോദ് ഖന്നക്ക് അനുശോചനം രേഖപ്പെടുത്തിയിട്ടുള്ളത്. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ വിനോദ് ഖന്നക്ക് അനുശോചനമറിയിച്ച് ബി.ജെ.പി മേഘാലയിലെ നേതൃത്വം രംഗത്തെത്തി. വിനോദ് ഖന്നക്ക് അനുശോചനമറിയിച്ച് രണ്ടു മിനിറ്റുനേരം നേതൃത്വം മൗനമാചരിച്ചു. എന്നാല്‍ അക്കിടി പറ്റിയതറിഞ്ഞ അവര്‍ പിന്നീട് വിശദീകരണവുമായി എത്തുകയും ചെയ്തു. വിനോദ് ഖന്ന മരിച്ചെന്ന് ടി.വിയിലൂടെ കണ്ടെന്നും അതുകൊണ്ടാണ് അനുശോചിച്ചതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ ക്ഷമ ചോദിക്കുകയാണെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചിട്ടുണ്ട്.

c8viantuwaedpej

കഴിഞ്ഞ ദിവസം വിനോദ് ഖന്നയുടെ ആസ്പത്രിയില്‍ കഴിയുന്ന ചിത്രം മക്കള്‍പുറത്തുവിട്ടിരുന്നു. ആരോഗ്യസ്ഥിതി മോശമായ അദ്ദേഹത്തിന്റെ അവസ്ഥ അതിലൂടെയാണ് പുറംലോകമറിയുന്നത്. അതേസമയം, വിനോദ് ഖന്നയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് എച്ച്.എന്‍ റിലയന്‍സ് മെഡിക്കല്‍ സെന്റര്‍ അറിയിച്ചു.