എന്ത് ജോലി ചെയ്താലും അത് ആത്മാര്‍ഥമായി ചെയ്താല്‍ അതിന്റെ ഫലം കിട്ടുമെന്ന് പറയാറുണ്ട്. ഇത്തരം ഒരനുഭവമാണ് ന്യൂയോര്‍ക്കിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ ജോലിക്കാരിയായിരുന്ന റോസയ്ക്ക് ഉണ്ടായത്.

രണ്ടു പതിറ്റാണ്ട് ഒരു വലിയ ഫ്‌ലാറ്റ് സമുച്ചയത്തിലെ ജോലിക്കാരിയായിരുന്നു റോസ. കോവിഡ് കാലത്ത് ജോലി നഷ്ടമായി. ഇരുപതുവര്‍ഷത്തോളം ചെയ്ത ജോലിക്ക്, സ്‌നേഹത്തിന്റെ ഭാഷയിലുള്ള പ്രതിഫലമായി റോസായ്ക്ക് ഇപ്പോള്‍, അതേ സമുച്ചയത്തില്‍ത്തന്നെ നാല് ബെഡ്‌റൂം അടങ്ങിയ ഒരു പെന്റ് ഹൗസ് സമ്മാനമായി ലഭിച്ചിരിക്കുന്നു. റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലൂടെയാണ് ലോകം റോസയുടെ കഥ അറിയുന്നത്.

ഫ്‌ലാറ്റിന്റെ മാനേജറിനൊപ്പം ഒരു ലിഫ്റ്റില്‍ റോസാ കയറുന്നത് മുതലാണ് വിഡിയോ ആരംഭിക്കുന്നത്. അവരുടെ സംസാരത്തില്‍ നിന്നും ഒരു പെന്റ് ഹൗസ് വൃത്തിയാക്കാനാണ് റോസയെ അയാള്‍ കൊണ്ട് പോകുന്നത് എന്നാണു റോസ കരുതുന്നത്. ഇവിടെ എത്തി കഴിയുമ്പോള്‍ വീടാകെ അത്ഭുതത്തോടെ നടന്നു കാണുന്ന റോസയെയും നമുക്ക് വിഡിയോയില്‍ കാണാം.

നാല് കിടപ്പറയും മൂന്നു ബാത്ത്‌റൂമും ഉള്ള വീടിനകം മനോഹരമാണ്. വലിയ കിച്ചന്‍ കണ്ടു റോസാ സ്വയം പറയുന്നത് ഒരുപാട് പാചകം ചെയ്യാന്‍ ഇഷ്ടമുള്ള ഒരാള്‍ക്ക് ഇവിടം സ്വര്‍ഗ്ഗമാണ് എന്നാണ്. അപ്പോഴാണ് റോസയുടെ കൂടെയുള്ള ആള്‍ ഇത് അവള്‍ക്ക് സ്വന്തമാണ് എന്ന സര്‍െ്രെപസ് പൊട്ടിക്കുന്നത്. ലീസ് ഡോക്യുമെന്റ് ഒപ്പ് വെയ്ക്കുകയും താക്കോല്‍ വാങ്ങുകയും മാത്രം താന്‍ ചെയ്താല്‍ മതി എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതത്തോടെ ‘ദൈവമേ ‘ എന്ന് വിളിക്കുന്ന റോസായെ വിഡിയോയില്‍ കാണാം.