തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധം. പരാമര്‍ശം മന്ത്രിസഭയ്ക്കും ജനങ്ങള്‍ക്കും അപമാനകരമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി.എം സുധീരന്‍ പറഞ്ഞു.

ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത് നാട് ലജ്ജിക്കേണ്ട അവസ്ഥയിലാണ്. നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന കൈയേറ്റമാഫിയയെ രക്ഷിക്കാനാണ് ഈ വെപ്രാളമെല്ലാം മന്ത്രി കാണിക്കുന്നത്. മന്ത്രി മണിയുമായി ആലോചിച്ചേ കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും കൈയ്യേറ്റ ലോബിക്ക് ഒപ്പമാണ് എന്ന സന്ദേശമാണ് ആവര്‍ത്തിച്ചു നല്‍കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യപരമായ സംവിധാനത്തിന് നിരക്കാത്തതാണെന്ന് മണിയുടെ പരാമര്‍ശമെന്ന് എം.എം ഹസ്സന്‍ പറഞ്ഞു. ഓരോരുത്തരും ഇരിക്കുന്ന കസേരയെക്കുറിച്ച് ഓര്‍ക്കണം. മാന്യതയാണ് മര്യാദയുടെ ഏറ്റവും വലിയ കാര്യം. അത് വിട്ടുകളിച്ചാല്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടലിയാരിക്കും അവരുടെ സ്ഥാനമെന്ന് പരാമര്‍ശത്തെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും പറഞ്ഞു. മണിയുടെ സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. സ്ഥിര ബുദ്ധി നഷ്ടപ്പെട്ട മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സംഘിയാണെന്നും ഊളംപാറയിലേക്ക് അയക്കണമെന്നുമായിരുന്നു മണിയുടെ വിവാദപരമായ പരാമര്‍ശം.