രാഹുല്‍ ഗാന്ധിയെ കൊച്ചാക്കാന്‍ ശ്രമിച്ച് അഭിപ്രായ പ്രകടനം നടത്തിയുള്ള മന്ത്രി കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് സെല്‍ഫ് ട്രോളായി മാറിയതിനു പുറമെ പോസ്റ്റിലെ ഗുരുതരമായ കുറ്റകൃത്യത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. രാഹുല്‍ ഗാന്ധിയെ ഇകഴ്ത്താന്‍ വേണ്ടി ഉത്തരേന്ത്യക്കാരെ മുഴുവന്‍ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പോസ്റ്റിലെ ജലീലിന്റെ പരാമര്‍ശം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ കെ.ടി ജലീല്‍ ഒരല്‍പം പോലും ബുദ്ധിവികാസം പ്രാപിക്കാത്ത തരത്തില്‍ വളരെ ഗുരുതരമായാണ് ഉത്തരേന്ത്യക്കാരെ ഒന്നടങ്കം വംശീയമായി അപമാനിച്ചത്.

പുലിയെ നേരിടാന്‍ പുലിയുടെ മടയില്‍ പോകുന്നതിനു പകരം എലിയുടെ മാളത്തില്‍ വന്നിട്ടെന്താണ് കാര്യം എന്ന് ഇതേ പോസ്റ്റില്‍ ജലീല്‍ ഉന്നയിച്ചിരുന്നു. ഇതിനെ ട്രോളി പി.കെ ഫിറോസടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പുലിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്ന് കൂട്ടത്തിലൊരു എലി തന്നെ തുറന്നു പറഞ്ഞ സ്ഥിതിക്ക് ബാക്കിയുള്ള എലികളെല്ലാം മാളത്തിലേക്ക് മടങ്ങിപ്പോകേണ്ടതെന്നാണ് പി.കെ ഫിറോസ് പരിഹസിച്ചത്.