കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ അറസ്റ്റിലായതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് വി.ടി ബല്‍റാം. സ്വര്‍ണക്കടത്ത് കേസ് പ്രതികളെല്ലാം കോണ്‍ഗ്രസുകാരും ലീഗുകാരുമാണ് എന്ന് സിപിഎം ന്യായീകരണത്തെയാണ് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നത്.

”സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ഇതുവരെ അറസ്റ്റിലായത് മുഴുവന്‍ മുസ്ലിം ലീഗുമായും കോണ്‍ഗ്രസുമായും ബന്ധപ്പെട്ടവരാണ്. എന്തുകൊണ്ട് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല?-ലെ കമ്മീസ് -ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കസ്റ്റംസ് കാരാട്ട് ഫൈസലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പിന്നാലെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ ബന്ധുവാണ് കാരാട്ട് ഫൈസല്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്ര കൊടുവള്ളിയെത്തിയപ്പോള്‍ കോടിയേരി യാത്ര ചെയ്തത് ഫൈസലിന്റെ വാഹനത്തിലായിരുന്നു.