X

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മുഴുവന്‍ ബൂത്തിലും വിവി പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍

പത്തനംത്തിട്ട: ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ ബൂത്തുകളിലും വി.വി പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും. ഇലക്ടോണിക് വോട്ടിങ് മെഷീനുകളുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് എല്ലാ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കുന്നത്. വോട്ടര്‍ക്ക് രേഖപ്പെടുത്തിയ വോട്ടിന്റെ രസീത് കണ്ടുബോധ്യപ്പെടാനുള്ള സംവിധാനമാണ് വിവിപാറ്റ്.
ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് സംസ്ഥാനത്ത് 34000 വി.വി പാറ്റ് യന്ത്രങ്ങള്‍ എത്തിക്കും. നേരത്തെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വി.വി പാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ പൊതു തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും ഈ സംവിധാനം ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിശ്ചിത മാനദണ്ഡങ്ങളോടെയാണ് വി.വി പാറ്റ് മെഷീനുകള്‍ അവതരിപ്പിക്കുന്നത്. എല്ലാ ബൂത്തുകളിലും യന്ത്രങ്ങള്‍ ഉപയോഗിക്കുമെങ്കിലും മുഴുവന്‍ സ്ഥലത്തെയും രസീതുകള്‍ എണ്ണ തിട്ടപ്പെടുത്തില്ല. പകരം ഓരോ നിയോജകമണ്ഡലത്തിലെയും ഒരു ബൂത്തിലെ വീതം വി.വി പാറ്റ് രസീതും ഇ.വി എമ്മിലെ വോട്ടിങ് നിലയും പരിശോധിക്കും. ഏതെങ്കിലും ബൂത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് തകരാര്‍ സംഭവിച്ചാലും വോട്ടിങ് സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ ആക്ഷേപം ഉന്നയിച്ചാലും പോളിങ് ഓഫീസര്‍ക്ക് വി.വി പാറ്റ് രസീത് എണ്ണി തിട്ടപ്പെടുത്താവുന്നതാണ്.

chandrika: