മുംബൈ:ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഇംഗ്ലീഷ് പര്യടനത്തിനൊപ്പം നടത്തപ്പെടുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ദേശീയ സംഘത്തിന്റെ പരിശീലകനായി വി.വി.എസ് ലക്ഷ്മണ് ചുമതല. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ഡയരക്ടറാണ് ഹൈദരാബാദുകാരന്‍.

അടുത്ത മാസം അവസാനത്തിലാണ് ഇന്ത്യന്‍ ടീമുകളുടെ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനം. സീനിയര്‍ ടീമിനൊപ്പം മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെയായിരിക്കും. ഒരേ സമയത്ത്് നടക്കുന്ന പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരെ രണ്ട് ടി-20 മല്‍സരങ്ങളിലാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. ഇതാദ്യമായല്ല ഇന്ത്യന്‍ ടീമുകള്‍ക്ക് രണ്ട് പരിശീലകര്‍ വരുന്നത്. രവിശാസ്ത്രി മുഖ്യ പരിശീലകനായിരുന്ന സമയത്ത് ശ്രീലങ്കന്‍ പര്യടനത്തിന് പോയ രണ്ടാം ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡായിരുന്നു.

ഐ.പി.എല്‍ കഴിഞ്ഞാലുടന്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് തിരക്കേറിയ മല്‍സരങ്ങളാണ്. ജൂണ്‍ 9 മുതല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് മല്‍സര ടി-20 പരമ്പര. അതിന് ശേഷമാണ് ഇംഗ്ലണ്ട്, ഐറിഷ് പര്യടനം. ഇംഗ്ലീഷ് പര്യടനത്തില്‍ പോയ സീസണില്‍ നടത്താന്‍ കഴിയാതിരുന്ന ബിര്‍ഹിംഗ്ഹാമിലെ ടെസ്റ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്ന് വിരാത് കോലി നയിച്ച ഇന്ത്യന്‍ സംഘത്തിന് കോവിഡ് കാരണം പരമ്പരയിലെ അവസാന മല്‍സരത്തില്‍ കളിക്കാനായിരുന്നില്ല.