മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച രീതിയിലാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ കളിക്കുന്നത്. സ്ലെഡ്ജിങ്ങിന് പേരുകേട്ട ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ കളിക്കുമ്പോള്‍ സാധാരണ പരിഹാസങ്ങളോ, വിമര്‍ശനങ്ങളോ ഉയരാറുണ്ട്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഓസീസ് ബാറ്റ്‌സ്മാന്‍ മാത്യു വെയ്ഡ് ഇന്ത്യന്‍ കീപ്പര്‍ ഋഷഭ് പന്തിനെ കളിയാക്കിയതാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് മാത്യു വെയ്ഡിന്റെ ബാറ്റിങ്ങിനിടെ ഇരുവരും തമ്മിലുള്ള വാക്‌പോര് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. വെയ്ഡ് ബാറ്റു ചെയ്യുന്നതിനിടെ പന്ത് പിറകില്‍നിന്നു ചിരിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെ പന്തിന്റെ ചിരി അനുകരിച്ച് വെയ്ഡും മറുപടി കൊടുത്തു. ബിഗ് സ്‌ക്രീനിലേക്ക് നോക്കി, പന്ത് ചെയ്തതു എന്തു തമാശയാണെന്നു മനസ്സിലാക്കാനും വെയ്ഡ് യുവതാരത്തോട് പറഞ്ഞു. താരങ്ങളുടെ വാക്‌പോര് കേട്ട് കമന്റേറ്റര്‍മാരും മത്സരത്തിനിടെ ചിരിക്കുന്നതു കേള്‍ക്കാം.

മൂന്നാം ദിനത്തില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പന്തിന്റെ രീതികളെക്കുറിച്ച് വെയ്ഡ് തുറന്നുപറയുകയും ചെയ്തു. ഒരു കാര്യവും ഇല്ലെങ്കിലും പന്ത് വെറുതെ ചിരിച്ചുകൊണ്ടിരിക്കുമെന്നാണു വെയ്ഡിന്റെ പരാതി. അദ്ദേഹം വെറുതെ ഇങ്ങനെ ചിരിച്ചുകൊണ്ടിരിക്കും, എന്താണിത്ര തമാശയെന്ന് എനിക്കു മനസ്സിലാകുന്നില്ല, അത് ഉറപ്പായും എന്റെ ബാറ്റിങ്ങിനെക്കുറിച്ചാകണം വെയ്ഡ് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടു പറഞ്ഞു.