മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ പ്രകടനമാണ്. നായകനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി രവീന്ദ്ര ജഡേജയും മികച്ച കളി പുറത്തെടുത്തു. എന്നാല്‍ അപ്രതീക്ഷിത സിംഗിളിനായി ഓടുന്നതിനിടെ രഹാനെ റണ്‍ഔട്ട് ആകുകയായിരുന്നു.

ഇന്ത്യയുടെ ഇന്നിങ്‌സ് 100ാം ഓവറില്‍ എത്തിനില്‍ക്കെയായിരുന്നു അത്. 49 റണ്‍സ് എന്ന നിലയിലാണ് ജഡേജയുടെ സ്‌കോര്‍. നതാന്‍ ലയോണ്‍ എറിഞ്ഞ പന്ത് ഷോര്‍ട്ട് കവറിലേക്ക് തട്ടിയ ജഡേജ സിംഗിളെടുക്കാനായി ഓടി. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഈ ശ്രമത്തിനിടയില്‍ രഹാനെ റണ്ണൗട്ടിന് ഇരയാകേണ്ടിവന്നു.

പുറത്താക്കപ്പെട്ടിട്ടും ക്യാപ്റ്റന്റെ പെരുമാറ്റമാണ് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നത്. ഔട്ട് ആയതിന് ശേഷം ജഡേജയുടെ അടുത്തെത്തി മികച്ച മുന്നേറ്റം നടത്താനുള്ള പ്രചോദനം നല്‍കുകയായിരുന്നു രഹാനെ. 112 റണ്‍സ് എടുത്ത ശേഷമാണ് രഹാനെ ക്രീസ് വിട്ടത്. ഇന്ത്യ അപ്പോള്‍ ഓസ്‌ട്രേലിയയേക്കാള്‍ നൂറിലേറെ റണ്‍സിന് മുന്നിലായിരുന്നു. അമ്പത് തികച്ച ജഡേജ പിന്നീട് കുമിന്‍സിന്റെ പന്തില്‍ പുറത്തായി.

അഞ്ചിന് 277 റണ്‍സ് എന്ന നിലയില്‍ ഇന്ന് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 326 റണ്‍സിന് ഓള്‍ഔട്ടായി. ടീം സ്‌കോറില്‍ 49 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ് അഞ്ചുവിക്കറ്റ് നഷ്ടമായത്.നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 195 റണ്‍സിന് അവസാനിച്ചിരുന്നു.

നിലവില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് 132 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്.