തെല്‍അവീവ്: ഇസ്രയേലിന് വന്‍ അപകടം വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. വരും വര്‍ഷങ്ങളില്‍ ഇസ്രയേലിലും സമീപ രാജ്യങ്ങളിലും വന്‍ ഭൂകമ്പം ഉണ്ടാവുമെന്നാണ് തെല്‍ അവീവ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനം മേഖലയിലുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

220,000 വര്‍ഷങ്ങളിലെ സമുദ്ര-കടല്‍ ഭൂമിശാസ്ത്ര ചരിത്രത്തെ പറ്റി പഠനം നടത്തിയ ശാസ്ത്രജ്ഞന്‍ ഓരോ 100-150 വര്‍ഷങ്ങള്‍ക്കിടയില്‍ ദുരന്തം വിതയ്ക്കുന്ന ഭൂകമ്പം ഈ മേഖലയില്‍ ഉണ്ടാവുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഗവേഷകര്‍ പറയുന്നത് പ്രകാരം 93 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സമാനമായ ഒരു ഭൂകമ്പം മേഖലയില്‍ സംഭവിച്ചത്.

ഒരു ഭൂകമ്പം ഇനി ഈ മേഖലയില്‍ ഉണ്ടായാല്‍ വലിയ ദുരന്തമാണുണ്ടാവുക എന്നാണ് തെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ എന്‍വയര്‍മെന്റല്‍ ആന്റ് എര്‍ത്ത് സയന്‍സ് ചീഫായ പ്രൊഫ. ഷുമ്യുല്‍ മാര്‍കോ ഇസ്രായേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.