kerala

വയനാട് ദുരന്തം; കാണാതായവരെ മരിച്ചവരായി കണക്കാക്കും

By webdesk17

January 14, 2025

വയനാട് ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിനായി പ്രാദേശിക സമിതി, സംസ്ഥാനതല സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

കാണാതായവരെ മരിച്ചവരായി കണക്കാക്കി ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മറ്റ് സഹായങ്ങള്‍ നല്‍കുന്നതിനുമായാണ് സമിതി രൂപീകരിക്കുന്നത്. ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്ഐആറിന്റെ അടിസ്ഥാനത്തിലും തിരച്ചിലില്‍ കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും പ്രാദേശിക സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന തലസമിതിക്ക് നല്‍കാനാണ് നീക്കം.

അടുത്ത ബന്ധുക്കള്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കാനും അവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവും വീട് ഉള്‍പ്പടെ മറ്റ് സഹായങ്ങള്‍ അര്‍ഹരാക്കി കൊണ്ടുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനുമാണ് തീരുമാനം.

വയനാട് ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.