കല്‍പ്പറ്റ: മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീടുകളിലേക്കു മടങ്ങാനാവാതെ നിരവധി കുടുംബങ്ങള്‍. വാസയോഗ്യമല്ലാതായിരിക്കയാണ് വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിലെ വീടുകള്‍. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണമായും ഭാഗികമായും നശിച്ചവരും നിരവധിയാണ്. വെള്ളം കയറിയ വീടുകളില്‍ ഫര്‍ണിച്ചറുകളടക്കം നശിച്ചിരിക്കുകയാണ്. ഭക്ഷണം പാം ചെയ്യാനുള്ള പാത്രങ്ങളടക്കം മലവെള്ളത്തില്‍ ഒലിച്ചുപോയ വീടുകളാണ് അധികവും. വീട്ടില്‍ മടങ്ങിയെത്തിയാല്‍ തന്നെ എളുപ്പത്തില്‍ വീട് പഴയരീതിയിലാക്കാന്‍ കഴിയില്ലെന്നുറപ്പാണ്. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് ജില്ലയില്‍ ഇന്നലെ വരെ 308 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 955 വീടുകള്‍ ഭാഗികമായി നശിച്ചു. 207 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 7975 കുടുംബങ്ങളിലെ 28660 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടില്‍ ഭീഷണി തുടരുകയാണ്. ചെമ്പ്രമലയില്‍ ഉരുള്‍ പൊട്ടുമെന്ന ഭീതിയില്‍ താഴ്‌വാരത്തുള്ള ഓടത്തോട്, കുന്നമ്പറ്റ, ചെമ്പ്ര 22 പ്രദേശങ്ങളിലെ 400 ഓളം പേരെ കോട്ടനാട് ജിയുപി സ്‌കൂളിലെ ക്യാന്പിലേക്കു മാറിയിട്ടുണ്ട്. കുന്നമ്പറ്റ മാങ്ങാവയല്‍ തടയണയ്ക്കു സമീപം സ്വകാര്യ കിണര്‍ താഴ്ന്നതും അങ്ങിങ്ങായി ഭൂമിയില്‍ നേരിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതും ആളുകളെ ചകിതരാക്കി.
മേപ്പാടി റേഞ്ചിലെ ചാരിറ്റി, കല്‍പ്പറ്റ റേഞ്ചിലെ സുഗന്ധഗിരി, കുറിച്യര്‍മല, ബേഗൂര്‍ റേഞ്ചിലെ മക്കിമല ഒഴികെ വനപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലോ കനത്തതോതിലുള്ള മണ്ണിടിച്ചിലോ ഉണ്ടായില്ലെന്നു വനം-വന്യജീവി വകുപ്പ് അധികൃതര്‍ അറിയിച്ചു. സൗത്ത് വയനാട് വനം ഡിവിഷനില്‍ ഉള്‍പ്പെട്ടതാണ് ചാരിറ്റി, സുഗന്ധഗിരി, കുറിച്യര്‍മല പ്രദേശങ്ങള്‍. നോര്‍ത്ത് വയനാട് വനം ഡിവിഷനിലാണ് മക്കിമല. വലിയ കുന്നുകള്‍ പൊതുവെ ഇല്ലാത്തതാണ് വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ പരിധിയില്‍ വരുന്ന വനം. ഇന്നലെ രാവിലെ 9.30നു അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ ശരാശരി 27.6 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മാനന്തവാടി താലൂക്കിലാണ് കൂടുതല്‍ മഴ വര്‍ഷിച്ചത്-38 മില്ലീമീറ്റര്‍. വൈത്തിരി താലൂക്കില്‍ 29-ഉം ബത്തേരി താലൂക്കില്‍ 15.8-ഉം മില്ലീമീറ്റര്‍ മഴ ലഭിച്ചു.
ശനിയാഴ് രാവിലെ 9.30നു അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ ശരാശരി 39.93 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മാനന്തവാടി താലൂക്കിലാണ് കഴിഞ്ഞദവസവും കൂടുതല്‍ മഴ ലഭിച്ചത്-61 മില്ലീമീറ്റര്‍. വൈത്തിരി താലൂക്കില്‍ 36-ഉം ബത്തേരി താലൂക്കില്‍ 22.8-ഉം മില്ലീമീറ്റര്‍ മഴ ലഭിച്ചു.