Health
വയനാട് ജില്ലയില്‍ സ്ഥിരീകരിച്ച നോറോ വൈറസ് എന്താണ്? അറിയേണ്ടതെല്ലാം!!
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം
എന്താണ് നോറ വൈറസ്
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്‍. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
രോഗം പകരുന്നതെങ്ങനെ?
നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം.
രോഗ ലക്ഷണങ്ങള്‍
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.
രോഗം ബാധിച്ചാല്‍ എന്ത് ചെയ്യണം
വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കില്‍ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങള്‍ വരെ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.
ആഹാരത്തിനു മുമ്പും, ടോയ്ലെറ്റില് പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
മൃഗങ്ങളുമായി ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
കടല്‍ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.
വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. സൂപ്പര്‍ ക്ലോറിനേഷന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. കുടിവെള്ള സ്രോതസുകള്‍ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തില്‍ ഭേദമാകുന്നതാണ്. അതിനാല്‍ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
Health
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
Health
ശ്വാസംമുട്ടലിന് നല്കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്
വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.
ശ്വാസംമുട്ടലിന് നല്കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.
പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.
Health
സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്ഐവി ബാധ കൂടുന്നു
ആകെ എച്ച്ഐവി പോസിറ്റിവില് 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി അറിയിച്ചു.
സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്ഐവി ബാധ കൂടുന്നതായി എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.
ആകെ എച്ച്ഐവി പോസിറ്റിവില് 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി വ്യക്തമാക്കി.
ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്ക്കിടയില് എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി അറിയിച്ചു.
2019ല്‍ 1211 പേര്‍ക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്ഐവി ബാധ. 2024ലെ 1065 എച്ച്ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala19 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala21 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala20 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

