മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാര്‍ രാജി വെച്ചിരിക്കുന്നു… ഇന്നലെ രാത്രി വൈകിയുള്ള രാജി. മുതിര്‍ന്ന നേതാവും നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ 30 ലധികം എം.എല്‍.എമാരുമായി ഗുവാഹത്തിയിലേക്ക് ഒളിച്ചോടിയതിന് ശേഷം ഇന്നലെ എല്ലാവരും ഗോവയിലെത്തി. ഇന്ന് വിശ്വാസ വോട്ടെടുപ്പിനായി മുംബൈയിലേക്കും. എന്തൊരു വൃത്തിയില്ലാത്ത രാഷ്ട്രീയ നാടകം. എല്ലാത്തിനും പിറകില്‍ ബി.ജെ.പിയും. ബി.ജെ.പിയുടെ ഇത്തരം കുതന്ത്രങ്ങള്‍ ‘ഓപ്പറേഷന്‍ താമര’ എന്നാണ് അറിയപ്പെടുന്നത്.

സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്ര സീറ്റുകള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ അധികാരം നേടാനുള്ള ബി.ജെ. പിയുടെ തന്ത്രത്തെയാണ് ‘ഓപ്പറേഷന്‍ താമര’ എന്നു വിളിക്കുന്നത്. ബി.ജെ.പി പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണകക്ഷിയുടെ എം.എല്‍.എമാരെ വശീകരിച്ചും വേട്ടയാടിയും വിലക്കുവാങ്ങിയും ഒളിത്താവളങ്ങളിലും റിസോര്‍ട്ടുകളിലും പൂട്ടിയിട്ടും അധികാരത്തിലുള്ള സര്‍ക്കാര്‍ വീഴുന്നത്‌വരെ പല തന്ത്രങ്ങളും പയറ്റി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി പ്രത്യേകമായി രൂപകല്‍പന ചെയ്ത രാഷ്ട്രീയ കുതന്ത്രമാണിത്. കൂറുമാറ്റ നിരോധന നിയമം നടപ്പിലാക്കിയതിനുശേഷം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ അട്ടിമറി കുറഞ്ഞു കൊണ്ടിരുന്നു. ആകെയുള്ള എം.എല്‍. എമാരില്‍ മൂന്നില്‍ രണ്ട് എം.എല്‍.എമാര്‍ കക്ഷി മാറിയാല്‍ മാത്രമെ കൂറുമാറ്റം ഈ നിയമമനുസരിച്ചു സാധുവാകുകയുള്ളു. അല്ലാത്തപക്ഷം കൂറുമാറിയ എം.എല്‍.എമാര്‍ അയോഗ്യരാവും. ഇതിനെ മറികടക്കാനുള്ള വഴി ബി.ജെ.പി കണ്ടെത്തിയത് അവരെ കൂട്ടത്തോടെ കൂറുമാറ്റുകയോ അല്ലെങ്കില്‍ രാജിവെപ്പിക്കുകയോ ചെയ്യുകയെന്നതാണ്. 2014ല്‍ ബി.ജെ.പി അധികാരത്തില്‍വന്നതിനുശേഷം ഇത്തരത്തിലുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഇന്ത്യയില്‍ സാധാരണ പ്രയോഗമായി മാറിയിരിക്കുകയാണ്.

മധ്യപ്രദേശില്‍, 2020 മാര്‍ച്ച് 20നു കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ അട്ടിമറിച്ചു. ആറ് മന്ത്രിമാരുള്‍പ്പെടെ 22 കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ ഉന്നത കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ രാജിവെപ്പിച്ചുകൊണ്ടായിരുന്നു ഈ നാടകം. 2019 ജൂലൈ 23ന്, 16 കോണ്‍ഗ്രസും ഒരു ജെ.ഡി.എസ് എം.എല്‍.എയും രാജിവെച്ചതിനെ തുടര്‍ന്നാണ് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ കര്‍ണാടകയില്‍ അട്ടിമറിക്കപ്പെട്ടത്. ഫെബ്രുവരി 22 ന് നടന്ന ഗോവ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു 17 സീറ്റുകള്‍ ലഭിച്ചു ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 13 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. എന്നിട്ടും തിരഞ്ഞെടുപ്പിലുടനീളം കോണ്‍ഗ്രസിനൊപ്പം പ്രചാരണം നടത്തിയശേഷം കക്ഷി മാറിയ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയെ കൂട്ടുപിടിച്ചു ബി.ജെ.പിക്ക് അധികാരം നേടാന്‍ കഴിഞ്ഞു.

2016ല്‍ അരുണാചല്‍പ്രദേശില്‍ 60 അംഗ നിയമസഭയില്‍ 11 എം.എല്‍.എമാര്‍ മാത്രമുണ്ടായിരുന്നപ്പോഴും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചിരുന്നു. മുഖ്യമന്ത്രി പേ മഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ (പി.പി.എ) എം.എല്‍.എമാരില്‍ 33 പേരും ബി.ജെ.പിയില്‍ ചേര്‍ന്നതിനുപിന്നാലെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 44 എം.എല്‍.എമാരുടെ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് ബി.ജെ. പി സ്വന്തം സര്‍ക്കാര്‍ രൂപീകരിച്ചു. 2016ല്‍ ഉത്തരാഖണ്ഡ് ഏറ്റവും മോശം രാഷ്ട്രീയ പ്രതിസന്ധി നേരിട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.എല്‍.എമാര്‍ സ്വന്തം മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ കലാപം നടത്തിയപ്പോള്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി തങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ കൂറുമാറ്റം നടത്തുകയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

2020 ജൂലൈ മാസം രാജസ്ഥാനില്‍, മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതില്‍ അസ്വസ്ഥനായ സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയിലും സര്‍ക്കാറിലും കലാപത്തിനു തുടക്കമിട്ടു. മുഖ്യമന്ത്രിയുടെ ഉത്തരവുകള്‍ ലംഘിച്ച് 19 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭാകക്ഷി യോഗങ്ങളില്‍നിന്ന് വിട്ടുനിന്നു. തുടര്‍ന്നു മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്റെ എം.എല്‍.എമാരെ ഹോട്ടലുകളില്‍ താമസിപ്പിച്ചുകൊണ്ടാണ് പ്രതിസന്ധി മറികടന്നത്. അദ്ദേഹം നിയമസഭയില്‍ വിശ്വാസവോട്ടു നേടുകയും ചെയ്തു.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ താഴെയിറക്കി സ്വന്തം സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ബി.ജെ.പി നടത്തുന്ന സമാനമായ രീതി തന്നെയാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലും പയറ്റുന്നത്. ഓപ്പറേഷന്‍ താമരയുടെ ഈ പ്രവര്‍ത്തന രീതി വളരെ ലളിതമാണ്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടി വിജയിച്ചാല്‍ പരാജയം ഏറ്റുവാങ്ങി അവര്‍ വെറുതെ ഇരിക്കില്ല. ഭരണകക്ഷിയുടെ എം.എല്‍.എമാരെ വശീകരിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകും. വിമതര്‍ക്ക് നിരവധി പ്രോല്‍സാഹനങ്ങള്‍ വാഗ്ദാനം ചെയ്യും. പണം, മന്ത്രി സ്ഥാനം തുടങ്ങി പലതും. ഇത്തരത്തില്‍ നിരവധി അതൃപ്തിയുള്ള എം.എല്‍.എമാരെ തകര്‍ക്കുന്നതില്‍ ബി.ജെ.പി വിജയിച്ചിട്ടുണ്ട്. ആദ്യം ഗവണ്‍മെന്റിനെ താഴെയിറക്കുന്നു. പിന്നെ ബി.ജെ.പി ഗവണ്‍മെന്റ് സ്ഥാപിക്കുന്നു. ജനാധിപത്യ മര്യാദകളോ പൊതു അംഗീകാരമോ ഒന്നും അവര്‍ക്ക് പ്രശ്‌നമല്ല.

2014ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം തിരഞ്ഞെടുപ്പിനെ അര്‍ത്ഥശൂന്യമാക്കി കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടി രൂപീകരിക്കുന്ന സര്‍ക്കാരുകളെ അട്ടിമറിച്ചു, അവസാനം ബി.ജെ.പി എം. എല്‍.എമാരെ ചൂണ്ടയിട്ടുപിടിച്ചു വളഞ്ഞവഴിയിലൂടെ സര്‍ക്കാര്‍ രൂപീകരിക്കും. വോട്ടു ചെയ്ത വോട്ടര്‍മാര്‍ക്ക് നിസഹായരായി നോക്കി നില്‍ക്കുകയല്ലാതെ വേറെ വഴികളില്ല. കാരണം എല്ലാ സ്വതന്ത്ര, ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും മേലുള്ള ബി.ജെ.പിയുടെ ആധിപത്യം തന്നെ. അത്തരം ഒരു ഗവണ്‍മെന്റിനെ അംഗീകരിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ലെങ്കിലും അവര്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കി ഭരണം പിടിച്ചെടുക്കുന്നു. ബി.ജെ.പി ഭരണത്തില്‍ ജനാധിപത്യത്തിനുമേലുള്ള ഇത്തരം കടന്നാക്രമണം നിര്‍ബാധം തുടരുന്നു. വന്‍കിട മാധ്യമങ്ങളാവട്ടെ, ഇത്തരം അനാശാസ്യ പ്രവര്‍ത്തികളെ വാഴ്ത്തുകയും ജനാധിപത്യ ശക്തികളെ ഉപേക്ഷിച്ചു സര്‍ക്കാരിന്റെ അവിഹിത തന്ത്രങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്.