പി.എ ജലീല്‍ വയനാട്

ഈ വര്‍ഷം എസ്.എസ്.എല്‍.സിക്ക് റെക്കോര്‍ഡ് വിജയമാണ്. എല്ലാവര്‍ക്കും ഉപരിപഠന സാധ്യതയുണ്ടെന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും മലബാര്‍ മേഖലയില്‍ പാലക്കാട് മുതല്‍കാസര്‍കോഡ് വരെയുള്ള കുട്ടികള്‍ നന്നേ പ്രയാസപ്പെടും. പല ജില്ലകളിലും എസ്.എസ്. എല്‍.സി ജയിച്ചവരും പ്ലസ്ടു സീറ്റുകളും തമ്മിലുള്ള അന്തരം ആയിരങ്ങളുടേതാണ്. ഏതാണ്ട് 58000 ത്തിനുമുകളില്‍ കുട്ടികള്‍ ഇഷ്ടപ്പെട്ട സ്‌കൂളോ കോഴ്‌സോ ലഭിക്കാതെ പുറത്താകുമെന്നാണ് കണക്ക്. ഉന്നത വിദ്യാഭ്യാസ മേഖലയിലുംഈ പ്രശ്‌നം മലബാറില്‍ രൂക്ഷമാണെങ്കിലും എസ്.എസ്.എല്‍.സി കഴിഞ്ഞയുടനെ ഉപരിപഠനസാധ്യതയടയുന്നത് കുട്ടികളെയും രക്ഷിതാക്കളെയും കാര്യമായി ബാധിക്കുന്നു.

മലബാറില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സിപാസായ കുട്ടികളുടെ എണ്ണവും ഉപരിപഠനത്തിനുള്ള സീറ്റുകളും പരിശോധിക്കാം.
ജില്ല, വിജയിച്ച കുട്ടികളുടെ എണ്ണം, ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകള്‍, കുറവുള്ള സീറ്റുകള്‍ (ബ്രാക്കറ്റില്‍) എന്ന ക്രമത്തില്‍.
പാലക്കാട് 38518-28823-(9695)
മലപ്പുറം 75554-46750-(28804)
കോഴിക്കോട് 44430-34917-(9513)
വയനാട് 11518-9714-(1804)
കണ്ണൂര്‍ 34481-29811-(4670)
കാസര്‍കോഡ് 19287-15935-(3352)

ഈ കണക്ക് പ്രകാരം പ്ലസ്ടു സീറ്റുകള്‍ക്ക് പുറമെ പോളിടെക്‌നിക്, ഐ.ടി.ഐ സീറ്റുകളും കൂടി ഉപയോഗിച്ചാലും 58000ത്തിനു മുകളില്‍ കുട്ടികള്‍ മലബാറില്‍ ഈ വര്‍ഷം പുറത്താകും. പോളിടെക്‌നിക്കുകളുടെ അഡ്മിഷന്‍ പരിശോധിച്ചാല്‍ തൊണ്ണൂറു ശതമാനവും പ്ലസ്ടുവിന്‌ശേഷമാണെന്നത് ഓര്‍ക്കണം. കൂടാതെ സി.ബി.എസ്.ഇ, ഐ.സി.എസ്.സി സിലബസില്‍നിന്നു വരുന്ന കുട്ടികളും സ്റ്റേറ്റ് സിലബസില്‍ പ്ലസ്ടുവിന് അപേക്ഷിക്കുന്നുണ്ട്.

സി.ബി.എസ്.ഇയില്‍ 75000 ഉം ഐ.സി.എസ്.സിയില്‍നിന്നും 3000 കുട്ടികളും ഉപരി പഠനയോഗ്യത നേടിയിട്ടുണ്ട്. ചുരുക്കത്തില്‍ എളുപ്പം പരിഹരിക്കാന്‍ പറ്റാത്ത വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിന് പരിഹാരമായി പറയുന്നത് മാര്‍ജിനല്‍ ഇന്‍ക്രീസ് എന്ന ഒറ്റമൂലിയാണ്. ഇത് പക്ഷേ യഥാര്‍ത്ഥത്തില്‍ പരിഹാരമല്ലെന്ന് മാത്രമല്ല, പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് സൂക്ഷ്മ വിശകലനത്തില്‍ ബോധ്യമാകും. അധ്യാപക വിദ്യാര്‍ത്ഥിഅനുപാതം ഹയര്‍സെക്കന്ററിയില്‍ 1:40 വരെയാകാം. ക്ലാസില്‍ 50 കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന് 2020 ല്‍ കോടതി നിര്‍ദ്ദേശവുമുണ്ടെന്നിരിക്കെ 20 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് നടത്തിയാല്‍ ഒരു ക്ലാസില്‍ 60 കുട്ടികള്‍ വരും. 20:20 അനുപാതത്തില്‍ സ്ഥലപരിമിതിയുള്ള പ്ലസ്ടുക്ലാസ് മുറികളില്‍ 60 കുട്ടികള്‍ താങ്ങാവുന്നതിലും അപ്പുറമാണ്. കുട്ടികളുടെ സാമൂഹിക സാംസ്‌കാരിക ഇടപെടലുകളുടെ തുടക്കവും വളര്‍ച്ചയും സാധ്യമാവേണ്ട ഈ ക്ലാസ്മറികള്‍ക്ക് അവരെ ഉള്‍ക്കൊള്ളാനോ ആവശ്യമായ പോസിറ്റീവ്എനര്‍ജി നല്‍കാനോ ഇടമില്ലാതെ ശ്വാസം മുട്ടുമ്പോഴാണ് ഗോത്രവര്‍ഗ കുട്ടികളുടെ സ്‌പെഷ്യല്‍ അഡ്മിഷനും സാമൂഹിക നീതി വകുപ്പ് വഴിവരുന്ന പ്രത്യേക പരിഗണന ലഭിക്കേണ്ടകുട്ടികളും കൂടിവരുന്നത്. ചുരുക്കത്തില്‍ 40 കുട്ടികള്‍ ഇരിക്കേണ്ട ക്ലാസ്മുറിയില്‍ 70ഉം 75 ഉം കുട്ടികളാകും. തെക്കന്‍ ജില്ലകളില്‍ ഇതിനു വിപരീതമായി കുട്ടികളുടെ അഡ്മിഷന് ശേഷവും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും.

വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ സൗകര്യങ്ങളുടെ നീതിയുക്തവും ആനുപാതികവുമായ വിതരണം തൃശൂര്‍ ജില്ല കഴിയുമ്പോഴേക്കും ഇല്ലാതാവുന്നത് എന്ത്‌കൊണ്ടെന്ന് പഠിക്കേണ്ടിയിരിക്കുന്നു. മാര്‍ജിനല്‍ ഇന്‍ക്രീസ് എന്ന താല്‍ക്കാലിക മരുന്നിന് ഒരുപാട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്റ്റാറ്റിയൂട്ടറി പരിധിക്കപ്പുറമുള്ള സീറ്റ് വര്‍ധനവ് ലബ്ബ കമ്മീഷനടക്കം തടഞ്ഞതും ബാലാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതുമാണ്. കുട്ടികളുടെപഠന കാര്യമായതിനാല്‍, കോടതി വ്യവഹാരമാക്കി സങ്കീര്‍ണമായാല്‍ ഭാവി നഷടപ്പെടുമെന്ന ഭീതിയിലാണ്പലരും ഇത്ചര്‍ച്ച ചെയ്യാന്‍ മുന്നോട്ട് വരാത്തത്. മലബാറിലെ വിദ്യാഭ്യാസ മേഖലയില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണ്. കോളജുകളില്‍ താരതമ്യേന വലിയ ക്ലാസ്മുറികളില്‍ പ്രത്യേകിച്ചും പി.ജി ക്ലാസുകളില്‍ പത്തോ പന്ത്രണ്ടോ കുട്ടികളേ ഉണ്ടാവുകയുള്ളു. അവിടെ മാര്‍ജിനല്‍ ഇന്‍ക്രീസ് നടത്തി മുപ്പത്കുട്ടികള്‍ക്ക് വരെ അഡ്മിഷന്‍ നല്‍കാം.

സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ 60 ഉം സ്റ്റേറ്റിയൂണിവേഴ്‌സിറ്റികളില്‍ 30 ഉം കുട്ടികള്‍ ഉണ്ടെന്നിരിക്കെകോളജുകളില്‍ എണ്ണം കൂടുന്നത് തടസ്സമാവില്ല. ഷിഫ്റ്റടിസ്ഥാനത്തില്‍ ലാബ് പരീക്ഷണങ്ങളും തടസ്സമില്ലാതെ നടക്കുന്നുണ്ട്. അങ്ങനെയായാല്‍ ഉപരിപഠന മേഖലയില്‍ അല്‍പം കൂടി മുന്നേറാന്‍ സാധിക്കും. അത്തരം നടപടികള്‍ക്ക്പകരം ഡിഗ്രി ക്ലാസുകളിലും സ്‌കൂള്‍ ക്ലാസുകളില്‍ പ്രത്യേകിച്ചും കുട്ടികളെ കുത്തിനിറക്കുന്നത് അഭികാമ്യമല്ല. കുട്ടികളെ വ്യക്തിപരമായി പരിഗണിക്കേണ്ടത് താഴ്ന്ന ക്ലാസുകളിലാണ്. എഴുപതും എഴുപത്തഞ്ചും കുട്ടികളുള്ള ഹയര്‍സെക്കന്ററിയില്‍ എങ്ങിനെയാണ് വ്യക്തിഗത പരിഗണന നല്‍കുക? കൗമാരത്തിന്റെ കുതിച്ച് ചാട്ടമെന്നും വികാരങ്ങളുടെ തള്ളിക്കയറ്റമെന്നുമൊക്കെയാണ് അഡോളസെന്‍സിന്റെ അര്‍ത്ഥം. ശാരീരിക മാനസിക വളര്‍ച്ചയില്‍ തിരതള്ളുന്ന മനസ്സുമായെത്തുന്ന ഈ കൗമാരത്തെപ്രത്യേകമായി പരിഗണിക്കാന്‍ വേണ്ടിയാണ്‌കോളജില്‍ നിന്ന് പ്രീഡിഗ്രി മാറ്റിയതും പ്ലസ്ടുവെന്ന പ്രത്യേക സങ്കേതത്തിലേക്ക് മാറ്റിയതും. ഭാവനാത്മകമായ അത്തരം കാഴ്ചപ്പാടുകളുടെ നൈതികയുക്തിയെ മനപ്പൂര്‍വ്വം മറന്ന്‌കൊണ്ട് ചെയ്യുന്ന കേവല പരിഹാരമാകരുത് ഈമാര്‍ജിനല്‍ വര്‍ധന. ലാബുകളിലും കമ്പ്യൂട്ടര്‍ക്ലാസുകളിലും ഇതിന്റെ പ്രയാസം അധ്യാപകരും കുട്ടികളും അനുഭവിക്കുന്നു. ഒന്നോ രണ്ടോകുട്ടികള്‍ ചെയ്യേണ്ട ലാബ് പരീക്ഷണങ്ങള്‍, എട്ടും പത്തും കുട്ടികള്‍ ഒരുമിച്ച് ചെയ്യുമ്പോള്‍ പ്രത്യേകിച്ചും കെമിസ്ട്രി പോലുള്ള ലാബുകളിലെഅപകട സാധ്യത വളരെ കൂടുതലാണ്. ഒരു കമ്പ്യൂട്ടര്‍ നാലും അഞ്ചും കുട്ടികള്‍ ഒരേസമയം ഉപയോഗിച്ചാല്‍ ഫലമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കേരളം പോലെ സ്‌കൂള്‍ പഠനത്തിന് പേര്‌കേട്ട ഒരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമല്ലാത്ത സ്ഥിതിവിശേഷമാണിത്.അന്യ സംസ്ഥാനങ്ങളിലോ വിദേശത്തോ ഇല്ലാത്ത ഈ പ്രതിസന്ധിയില്‍ തഴയപ്പെടുന്നത് ഗോത്ര വര്‍ഗ പിന്നാക്ക കുട്ടികളാണ്.

ബാക്കിയുള്ളവര്‍ സ്വകാര്യ ട്യൂഷനുകളും മറ്റ് പഠനപരിശീലനങ്ങളും ആശ്രയിക്കുമ്പോള്‍സാമൂഹികവും സാമ്പത്തികമായും വിദ്യാഭ്യാസപരവുമായി പിന്തള്ളപ്പെട്ട ഒരു വിഭാഗം വീണ്ടും പിന്നാട്ടടിക്കുകയും പഠനം നിര്‍ത്തുകയും ചെയ്യും. കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ വേരുകള്‍ തേടിയാല്‍ എത്തിപ്പെടുന്ന ചിലവസ്തുതകളാണിത്. അവരെ ഉയര്‍ത്തികൊണ്ടുവരാതെ സമൂഹത്തിന്റെ ഒരു വിദ്യാഭ്യാസവും പൂര്‍ണമാകില്ല. വയനാട്ടില്‍ ഈ വര്‍ഷംതോറ്റ കുട്ടികളില്‍ 86 ശതമാനം ഗോത്ര വര്‍ഗ കുട്ടികളാണ്. കൊഴിഞ്ഞുപോക്കിലും മുമ്പില്‍ ഈകുട്ടികളാണെന്ന് കേരള ഇകണോമിക് റിവ്യൂവും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജിയുടെ വെബ്‌സൈറ്റിലും കാണാം.