ഇസ്‌ലാമാബാദ്: ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്‍. പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. സമാധാന ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കുന്നതെന്നും ഇമ്രാന്‍ പറഞ്ഞു. പൈലറ്റിനെ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു. ധാരണകള്‍ക്കൊന്നും ഇല്ലെന്നും പാക്കിസ്ഥാനെ അറിയിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ കഴിഞ്ഞ ദിവസം ശ്രമം നടത്തിയിരുന്നതായും ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനെ അറിയിച്ചു. എന്നാല്‍ അദ്ദേഹത്തെ ലഭ്യമായിരുന്നില്ല. ശ്രമം തുടരുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

വൈമാനികനെ ഉപയോഗിച്ച് യാതൊരു വിലപേശലിനും വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. വൈമാനികനെ നിരുപാധികം വിട്ടയക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.