പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ മകള്‍ക്കൊപ്പം’ കാമ്പയിന്‍ നാളെ തുടങ്ങും. സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ഇനിയും ആവര്‍ത്തിക്കാതിരിക്കാനാണ് ‘ മകള്‍ക്കൊപ്പം’ ആരംഭിച്ചത്. ഇതിന്റെ മൂന്നാംഘട്ടമാണ് നാളെ തുടക്കമാകുന്നത്.

ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മൊഫിയ പഠിച്ചിരുന്ന തൊടുപുഴ അല്‍ അസര്‍ കോളജിലാണ് പരിപാടി ആരംഭിക്കുന്നത്. രാവിലെ 11നാണ് പരിപാടി ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മൊഫിയയുടെ പിതാവ് ദില്‍ഷാദും പങ്കെടുക്കും.

സ്ത്രീധന-ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്ന് കേരളത്തില്‍ ആത്മഹത്യകള്‍ കൂടിയതിനെ തുടര്‍ന്നാണ് ‘മകള്‍ക്കൊപ്പം’ കാമ്പയിന് പ്രതിപക്ഷ നേതാവ് ആരംഭിച്ചത്. വിദ്യാര്‍ത്ഥികളില്‍ അത്മവിശ്വാസവും പ്രതിസന്ധികളെ മറിക്കടക്കാനുള്ള ധൈര്യവും ഉണ്ടാക്കുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ കാമ്പയിന്റെ ഭാഗമായി ടോള്‍ ഫ്രീ നമ്പര്‍ (ടോള്‍ ഫ്രീ നമ്പര്‍: 1800 425 1801) ഏര്‍പ്പെടുത്തിയിരുന്നു. സൗജന്യ നിയമസഹായത്തിനായി സംസ്ഥാനത്തെ 82 കോടതി സെന്ററുകളില്‍ 126 അഭിഭാഷകരെ ചുമതപ്പെടുത്തുകയും ചെയ്തിരുന്നു.