വരനോടൊപ്പം വിവാഹപന്തലില്‍ ഇരുന്ന യുവതിക്കു സിനിമാസ്റ്റൈലില്‍ മാല ചാര്‍ത്തിയതിനു കാമുകന് ബന്ധുക്കളുടെ മര്‍ദനം. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം.

ബോളിവുഡ് സിനിമകളിലേതിനു സമാനമായി ബൈക്കിലെത്തിയ യുവാവ് സ്‌റ്റേജിലിരിക്കുന്ന തന്റെ കാമുകിക്കു നേരെ മാലയെറിയുകയായിരുന്നു.

മാല നേരെ ചെന്നു വീണത് യുവതിയുടെ കഴുത്തിലും. ഇതോടെ വേദിയില്‍ നിന്നിറങ്ങിയ യുവതി കാമുകനോപ്പം പോയി. എന്നാല്‍ ബന്ധുക്കള്‍ ഇരുവരെയും പിടികൂടി യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

ഒന്നിച്ചു പഠിച്ച യുവതിയും യുവാവും ഏറെ നാളായി പ്രണയത്തിലായിരുന്നു. യുവാവ് സവര്‍ണ വിഭാഗത്തിലും പെണ്‍കുട്ടി ദളിത് വിഭാഗത്തിലുംപ്പെട്ടതായിരുന്നു. ഇരുവരുടെയും ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തു.

യുവതിക്ക് മറ്റൊരാളുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ വിവാഹദിനത്തില്‍ സിനിമാ സ്റ്റൈലില്‍ ബൈക്കിലെത്തിയ യുവാവ് യുവതിക്കു നേരെ വരണമാല്യം എറിഞ്ഞു.

മാല കൃത്യമായി യുവതിയുടെ കഴുത്തില്‍ തന്നെ വീണു. ഇതോടെ യുവതി യുവാവിനൊപ്പം പോകാന്‍ തയാറായി ഇറങ്ങി. എന്നാല്‍ ബന്ധുക്കള്‍ യുവാവിനെ പിടികൂടി ക്രൂരമായി മര്‍ദിച്ചു. ഇതോടെ യുവതിയുടെ വിവാഹം മുടങ്ങുകയും ചെയ്തു.