കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ആഗ്രയിലെ അംബേദ്കര്‍ പ്രതിമ മാറ്റാനുള്ള തീരുമാനം മരവിപ്പിച്ചു

ആഗ്ര: കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കോര്‍പറേഷന്‍ ഓഫീസ് കോമ്പൗണ്ടിനകത്തെ അംബേദ്കര്‍ പ്രതിമ മാറ്റി ദീനദയാല്‍ ഉപാധ്യായയുടെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സംസ്ഥാന സാംസ്‌കാരിക വകുപ്പാണ് രണ്ട് അംബേദ്കര്‍ പ്രതിമകളില്‍ ഒന്ന് മാറ്റി പകരം ദീനദയാല്‍ ഉപാധ്യായയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്. കോര്‍പറേഷന്‍ മേയറും എസ്.സി/എസ്.ടി കമ്മീഷനും തീരുമാനത്തില്‍ അതൃപ്തിയറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ചത്.

ഉപാധ്യായ ഞങ്ങള്‍ക്ക് പ്രചോദനം നല്‍കിയ നേതാവ് തന്നെയാണ്. അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ ഞാന്‍ പിന്തുണക്കുന്നു. എന്നാല്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഓഫീസ് കോമ്പൗണ്ടിലല്ല നഗരത്തിനകത്താണ് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കേണ്ടത്-മേയര്‍ നവീന്‍ കുമാര്‍ ജെയ്ന്‍ പറഞ്ഞു.

കഴിഞ്ഞ മാസം ആഗ്ര എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗ് അഞ്ച് തവണയാണ് അംബേദ്കര്‍ പ്രതിമ മാറ്റി ദീനദയാലിന്റെ പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയത്. പ്രതിമ മാറ്റുമ്പോള്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുന്നതിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് ആഗ്ര മജിസ്‌ട്രേറ്റിനും ആഗ്ര എസ്.പിക്കും സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ കത്തയച്ചിരുന്നു.

SHARE