യൂറോപ്പ ലീഗ് : മിലാന്‍ പിളര്‍ത്തി ഗണ്ണേഴ്‌സ് ക്വാര്‍ട്ടറില്‍

ഇറ്റാലിയന്‍ കരുത്തരായ എസി മിലാന്റെ നെഞ്ചു പിളര്‍ത്തി ഇംഗ്ലീഷ് ക്ലബ് ആര്‍സെനല്‍ യൂറോപ്പ ലീഗ് ക്വാട്ടറില്‍. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് മിലാനെ തുരത്തിയത്. നേരത്തെ ആദ്യപാദത്തില്‍ മിലാനെ സാന്‍സിറോയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ തോല്‍പ്പിച്ച ഗണ്ണേഴ്‌സ് ഇരുപാദങ്ങളിലായി ഒന്നിനെതിരെ അഞ്ചു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. 2010നു ശേഷം ഇതാദ്യമായാണ് ആര്‍സെനല്‍ യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറില്‍ എത്തുന്നത്

എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ മിലാനാണ് ആദ്യമുന്നിലെത്തിയത്. 35-ാം മിനുട്ടില്‍ കാല്‍ഹാനോഗ്ലു മുപ്പത് വാരം അകലെ നിന്ന് തൊടുത്ത ഷോട്ട് കൊളംബിയന്‍ കീപ്പര്‍ ഒസ്പിനയെ കീഴ്‌പ്പെടുക്കി പോസ്റ്റില്‍ കയറുകയായിരുന്നു. ഗോള്‍ വഴങ്ങിയ ശേഷം അപകടം മണത്ത ഗണ്ണേഴ്‌സ് രണ്ടു മിനുട്ടിനുള്ളില്‍ അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ഗോളാക്കി ഒപ്പമെത്തുകയായിരുന്നു. റിക്കാര്‍ഡോ റോഡ്രിഗസ് ഇംഗ്ലീഷ് താരം വെല്‍ബാക്കിനെ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍ട്ടി. കിക്കെടുത്ത വെല്‍ബാക്ക് ലക്ഷ്യം കാണുകയായിരുന്നു. ആദ്യ പകുതിക്കു ശേഷം ഗ്രാന്റ് സാക്ക മറ്റൊരു ലോങ് റേയ്ഞ്ചിലൂടെ (71-ാം മിനുട്ട്) ആര്‍സെനലിനെ മുന്നിലെത്തിച്ചു. കളി തീരാന്‍ നാലു മിനുട്ട് ശേഷിക്കെ ഹെഡറിലൂടെ തന്റെ ഗോള്‍ നേട്ടം ഇരട്ടയാക്കി വെല്‍ബാക്ക് ഗണ്ണേഴ്‌സിന്റെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.

 

അത്‌ലറ്റിക്കോ മാഡ്രിഡ്, ലാസിയോ, മാര്‍സെല്ലേ, സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, സിഎസ്‌കെഎ മോസ്‌കോ തുടങ്ങിയവരാണ് അവസാന എട്ടില്‍ ഇടം നേടിയ മറ്റു ടീമുകള്‍. ബെറൂസിയ ഡോട്ട്മുണ്ട് ആര്‍.ബി സാള്‍സ്ബര്‍ഗുമായി ഗോള്‍ രഹിത സമനില വഴങ്ങി പുറത്തായി. ആദ്യപാദത്തില്‍ സ്വന്തം മൈതാനത്ത് 2-1ന് തോറ്റിരുന്നു ഡോട്ട്മുണ്ട്.