ഇറാനും അമേരിക്കക്കും പ്രതിസന്ധി

കെ. മൊയ്തീന്‍കോയ

ഇറാന്‍-അമേരിക്ക സംഘര്‍ഷത്തില്‍ ആശ്വാസമായി തോന്നുന്നത് ഇരു രാഷ്ട്രങ്ങളും നേരിടുന്ന പ്രതിസന്ധിയാണ്. അമേരിക്കക്കുമേല്‍ ആഭ്യന്തര പ്രതിസന്ധിയോടൊപ്പം സഖ്യരാഷ്ട്രങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദവും ശക്തമാണ്. ഉക്രൈന്‍ വിമാനം അബദ്ധവശാലാണെങ്കിലും ഇറാന്‍ മിസൈല്‍ ഏറ്റ് തകര്‍ന്നുവെന്ന് കുറ്റസമ്മതം നടത്തിയതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു.
അമേരിക്കന്‍ ജനപ്രതിനിധി സഭ, പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് മൂക്കുകയറിട്ടിരിക്കുകയാണ്. യുദ്ധ കാര്യങ്ങളില്‍ പാര്‍ലമെന്റിന്റെ അഭിപ്രായംതേടാതെ തന്നിഷ്ട്രപ്രകാരം തീരുമാനമെടുക്കരുതെന്നാണ് ജനപ്രതിനിധിസഭാതീരുമാനം. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭാതീരുമാനം സെനറ്റ് തള്ളിയാല്‍ നിയമസാധുത നഷ്ടപ്പെടും. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷം സെനറ്റിലുണ്ട്. ഉക്രൈന്‍ പ്രസിഡന്റുമായി ബന്ധപ്പെട്ട് നടത്തിയ ഗൂഢാലോചനയുടെ പേരില്‍ ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച്‌മെന്റിന് വിധേയമാക്കിയത് കഴിഞ്ഞ മാസമാണ്. ഇത് സംബന്ധിച്ച രേഖയും സെനറ്റ് മുമ്പാകെ എത്തിയിട്ടുണ്ട്. രണ്ട് കാര്യത്തിലും സെനറ്റില്‍നിന്ന് അനുകൂല തീരുമാനം ആരും പ്രതീക്ഷിക്കുന്നില്ല. ജനപ്രതിനിധിസഭയും ഡമോക്രാറ്റിക് പാര്‍ട്ടിക്കും ലക്ഷ്യമുണ്ട്. രാജ്യത്തിനകത്തും പുറത്തും ട്രംപിന്റെ പ്രതിച്ഛായ തകര്‍ക്കുകയും ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തുകയും ചെയ്യുക. ഡമോക്രാറ്റുകളുടെ ആസൂത്രിത നീക്കം റിപ്പബ്ലിക്കന്‍മാര്‍ക്ക് നേരിടാന്‍ വലിയ പ്രയാസമുണ്ടത്രെ.
ഇറാനെ അക്രമിക്കാന്‍ അമേരിക്ക നേരത്തെ ഒരുക്കം തുടങ്ങിയതാണ്. ഇറാന് ചുറ്റും 60,000 സൈനികരെ വിന്യസിച്ചു. അഫ്ഗാനിസ്താന്‍, സഊദി അറേബ്യ, ഇറാഖ്, ജോര്‍ദ്ദാന്‍, കുവൈത്ത്, ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ അമേരിക്കയുടെ സൈനിക താവളങ്ങളുണ്ട്. ഇവയില്‍ അഫ്ഗാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍നിന്ന് ഗണ്യമായ വിഭാഗത്തെ പിന്‍വലിച്ചു. ഇറാഖില്‍നിന്ന് സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ഇറാഖ് പാര്‍ലമെന്റ് അമേരിക്കയോട് ആവശ്യപ്പെട്ടത് ട്രംപ് ഭരണകൂടത്തിന് കനത്ത പ്രഹരമാണ്. ഇറാഖ് അധിനിവേശത്തിലൂടെ സദ്ദാം ഭരണകൂടത്തെ തൂത്തെറിഞ്ഞ് ഇന്നത്തെ സാഹചര്യം സൃഷ്ടിച്ച അമേരിക്കയോട് തന്നെ പുറത്ത് പോകാന്‍ ആവശ്യപ്പെട്ടത് കൗതുകം ജനിപ്പിക്കുന്നതും അല്‍ഭുതപ്പെടുന്നുന്നതുമാണ്. 70 രാജ്യങ്ങളില്‍ 800 സൈനിക താവളങ്ങള്‍ സ്ഥാപിച്ചിട്ടുള്ള അമേരിക്ക വന്‍ സാമ്പത്തിക ചെലവ് വഹിക്കേണ്ടിവരുന്നു. സൈനിക താവളങ്ങള്‍ തങ്ങളുടെ ഭരണകൂടങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന വിശ്വാസത്തില്‍ മധ്യപൗരസ്ത്യ ദേശത്തെ മിക്ക രാജ്യങളില്‍നിന്നും അമേരിക്ക ‘കപ്പം’ വാങ്ങുന്നുണ്ടത്രെ.
അമേരിക്കയുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടയില്‍ ഉക്രൈന്‍ വിമാനം തകര്‍ന്ന സംഭവം ഇറാന്‍ നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തി. തെഹ്‌റാന്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു സ്‌ഫോടനം. 176 യാത്രക്കാരും മരിച്ചു. ഇവരില്‍ 82 പേരും ഇറാനികള്‍. ഇറാന്‍ സര്‍ക്കാര്‍ അബദ്ധം ഏറ്റുപറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉക്രൈന്‍ പ്രസിഡന്റ്് വഌദിമാര്‍ സെലന്‍ഡ് കി രംഗത്തുണ്ട്. അബദ്ധം സമ്മതിച്ച ഇറാന്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും നഷ്ടപരിഹാരം നല്‍കാന്‍ തയാറായിട്ടുണ്ട്. ഇതിലിടക്ക് പ്രതിഷേധം സ്വാഭാവികം. ടെഹ്‌റാനില്‍ അനുശോചനം രേഖപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച വന്‍ റാലി തുടര്‍ന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധമായി വളര്‍ന്നു. പ്രതിഷേധകര്‍ക്കൊപ്പം അണിനിരന്ന തെഹ്‌റാനിലെ ബ്രിട്ടീഷ് സ്ഥാനപതി റോബര്‍ട്ട് മക് കെയരെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തത് വിവാദമായി. ഒരു രാജ്യത്തിന്റെ സ്ഥാനപതി സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തില്‍ അണിനിരന്നത് അപലപനീയവും കേട്ട്‌കേള്‍വിയില്ലാത്തതുമാണ്. ഇറാനില്‍ ഇടക്ക് പ്രത്യക്ഷപ്പെടുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ക്ക് അമേരിക്ക ഉള്‍പ്പെടെ പശ്ചാത്യ രാജ്യങ്ങള്‍ അന്ധമായ പിന്തുണ നല്‍കിവരുന്നത് പതിവാണ്. പക്ഷേ, അവയൊന്നും ഫലം കാണാറില്ല. പ്രതിഷേധത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വലിയ പ്രചാരണമാണ് നല്‍കിയത്. അതുകൊണ്ട്തന്നെ ഇറാനികള്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചേക്കും.
പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കാന്‍ അറബ് രാജ്യങ്ങള്‍ ഇപ്പോള്‍ രംഗത്തുണ്ട്. ഇനിയും ഒരു യുദ്ധം താങ്ങാന്‍ ഈ മേഖലക്ക് കരുത്തില്ല. സിറിയ, ലിബിയ, ലബനാന്‍, ഇറാഖ്, യമന്‍ തുടങ്ങി എണ്ണ സമ്പന്ന രാജ്യങ്ങള്‍ തകര്‍ന്നടിഞ്ഞു. ബാഹ്യശക്തികള്‍ ഈ നാടുകളിലെ ജനങ്ങളെ തമ്മിലടിപ്പിച്ചു. ആയുധ കച്ചവടം വ്യാപകമാക്കി. ട്രംപിന്റെ ഇറാന്‍ വിരുദ്ധ നീക്കം തടഞ്ഞത് അറബ് ദേശത്ത്‌നിന്നുള്ള സമ്മര്‍ദ്ദമാണ് പ്രധാന കാരണം. ഇതേതുടര്‍ന്നാണ് ട്രംപ് സമാധാനത്തിന്റെ സ്വരത്തില്‍ സംസാരിച്ചത്. ഇറാനുമായി നിരുപാധിക ചര്‍ച്ചക്കു സന്നദ്ധത പ്രകടിപ്പിച്ചു. ഇറാഖിലെ അമേരിക്കന്‍ താവളങ്ങള്‍ ഇറാന്‍ അക്രമിച്ച ശേഷമായിരുന്നു അമേരിക്കയുടെ സമാധാന നീക്കം എന്നത് ശ്രദ്ധേയമാണ്. ഇറാനെതിരെ തിരിച്ചടിക്കുകയില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കുകയും ചെയ്തത് ലോകത്തെ അത്ഭുതപ്പെടുത്തി. ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്ക് തയാറില്ലെന്ന് ഇറാന്‍ നിലപാട് സ്വീകരിച്ചു. ഇറാനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇറാന്‍ തലസ്ഥാനത്ത് എത്തി നടത്തിയ സമാധാന നീക്കം പ്രതീക്ഷയുളവാക്കുന്നു. ഇരുപക്ഷവും സ്വന്തം രാജ്യങ്ങളില്‍ നിന്ന്പ്രതിസന്ധി നേരിടുമ്പോള്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം തണുപ്പിക്കാന്‍ സഹായകമാവുമെന്ന് പ്രത്യാശിക്കാം. ഇക്കാര്യത്തില്‍ അറബ് രാജ്യങ്ങള്‍ സമന്വയത്തിന്റെ പാത തുറന്നിടുമെന്ന് കരുതാം.

SHARE