Views
ഹജ്ജ്: ജീവിതത്തിന്റെ പ്രതീകം

എ.എ വഹാബ്
പ്രതീകമെന്നാല്‍ ചിഹ്നം, അടയാളം, പ്രതിരൂപം, ചിഹ്നരൂപപ്രകാശനം, പ്രതിരൂപപ്രകടനം എന്നൊക്കെപ്പറയാം. കുറെക്കൂടി ലളിതമായി പറഞ്ഞാല്‍ അകത്തുള്ള ആശയത്തെ/വിശ്വാസത്തെ അടയാളംവഴി പുറത്ത് പ്രകടിപ്പിക്കുന്ന ഒരു പ്രക്രിയ. അപ്പോള്‍ അകവും പുറവും ഒരു പോലെയായിരിക്കണം. സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമാണ് പുഞ്ചിരി. ഉള്ളില്‍ ശത്രുതയും വൈരാഗ്യവും നശിക്കട്ടെ എന്ന ചിന്തയും വെച്ച് ചുണ്ടിളിച്ച് കാണിച്ചാല്‍ അത് പുഞ്ചിരിയാവില്ല, മറിച്ച് കാപട്യത്തിന്റെ ഇളിച്ചുകാട്ടല്‍ മാത്രമാണത്. ആരാധനകളെല്ലാം പ്രതീകാത്മകങ്ങളാണ്. മനസ്സില്‍ അല്ലാഹുവിനോട് വിനയവും സമര്‍പ്പണബോധവും ഇെല്ലങ്കില്‍ കൈകെട്ടി നിന്നത് കൊണ്ടോ, വജ്ജഹ്ത്തും ഫാത്തിഹയും ഓതിയതുകൊണ്ടോ റുക്കൂഉം സുജൂദും ചെയ്തതുകൊണ്ടോ ചില മന്ത്രങ്ങള്‍ ഉരുവിട്ടത് കൊണ്ടോ അത് യഥാര്‍ത്ഥ നമസ്‌ക്കാരമാവില്ല. രൂപവും യാഥാര്‍ഥ്യവും ഇണങ്ങിച്ചേരാത്ത ഒരു ശാരീരിക പ്രകടനം മാത്രമാണത്.
ഹജ്ജിന്റെ ആത്മാവ്
ഹജ്ജിലെ നമ്മുടെ പ്രകടനങ്ങള്‍ ഒന്ന് അവലോകനം ചെയ്തു നോക്കൂ: ഒരു പ്രത്യേകവേഷവിധാനത്തില്‍ കുറെ മനുഷ്യര്‍ ഒരു മൈതാനത്ത് ഒരുമിച്ചുകൂടി കുറെ പ്രാര്‍ത്ഥനാ വാക്യങ്ങള്‍ ഉരുവിടുന്നു. ഒരു മന്ദിരത്തെ പ്രത്യേക രീതിയില്‍ വലം വെച്ച് ചുറ്റുന്നു. രണ്ടു മലകള്‍ക്കിടയില്‍ കുറെ പ്രാവശ്യം നടന്നും ഓടിയും മന്ത്രോച്ചാരണങ്ങള്‍ ഉരുവിടുന്നു. തലമുടി ഒഴിവാക്കുന്നു. ചില സ്തൂപങ്ങളില്‍ കുറെ കല്ലു പെറുക്കി എറിയുന്നു. മൃഗബലി നടത്തുന്നു. ഇവയുടെയൊന്നും ആന്തരാര്‍ത്ഥം അറിയുന്നില്ലങ്കില്‍/ ആത്മാവ് കണ്ടെത്തുന്നില്ലങ്കില്‍ അതൊക്കെ വെറും ഭ്രാന്തന്‍ പ്രകടനങ്ങളായി മാത്രം മാറില്ലേ?
അറഫയാണ് ഹജ്ജ്:
സമത്വത്തിന്റെ മഹാ സന്ദേശം.
സ്വര്‍ഗത്തില്‍ നിന്ന് ഇറക്കപ്പെട്ട ശേഷം ഭൂമിയില്‍ വെച്ച് ആദി പിതാവിന്റെയും മാതാവിന്റെയും ആദ്യ സംഗമസ്ഥാനം. ഭൂമിയിലെ മാനവചരിത്രം അറഫയില്‍ നിന്നാരംഭിക്കുന്നു. വളരെ ലളിതമായി, എല്ലാ ആര്‍ഭാടങ്ങളും ഉപേക്ഷിച്ച് രണ്ടു കഷ്ണം ശുഭ്ര വസ്ത്രധാരികളായി ഹാജിമാര്‍ അവിടെ സമ്മേളിക്കുന്നു. വര്‍ണ, വര്‍ഗ, ഗോത്ര, ദേശ, ഭാഷാ വൈജാത്യങ്ങളോ സ്ഥാനമാന പദവി വലുപ്പ വ്യത്യാസങ്ങളോ ഇല്ലാതെ. അസൂയ, പക, വിദ്വേഷം, വൈരാഗ്യം, ശത്രുത, വിഭാഗീയത, നീരസം തുടങ്ങിയ ദുര്‍ഗുണങ്ങളൊന്നും ഇല്ലാതെ മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളായ സമന്മാരാണെന്ന ദൃഢബോധ്യത്തില്‍ സമാധാനത്തോടെ സ്‌നേഹം പങ്കിടാന്‍ സഹകരണത്തോടെ വര്‍ത്തിക്കാന്‍ തയ്യാറാണെന്ന ഉള്ളിലുള്ള വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണമാണ്.
പ്രതീകാത്മകമാണ് അറഫയിലെ നിര്‍ത്തവും പ്രാര്‍ത്ഥനകളും. (അല്ലാഹു മനുഷ്യനെ ആദ്യമായി സൃഷ്ടിച്ച ശുദ്ധ പ്രകൃതിയില്‍. അതിനാലാണ് ശരിയായി ഹജ്ജ് ചെയ്താല്‍ നവജാത ശിശുവിനെപ്പോലെ പരിശുദ്ധനാകും. ഹജ്ജിനുള്ള പ്രതിഫലം സ്വര്‍ഗമല്ലാതെ മറ്റൊന്നുമില്ല. എന്നൊക്കെ നാം പഠിപ്പിക്കപ്പെട്ടത്.) അതിന് ശേഷവും ഒരാള്‍ സത്യവിശ്വാസികളോട് പോലും വിഭാഗീയതയും പക്ഷപാതിത്വവും സ്ഥാനമാന പദവി വലുപ്പമേന്മകളും കാട്ടുന്ന മനസ്ഥിതിയിലാണെങ്കില്‍ അയാള്‍ യഥാര്‍ത്ഥത്തില്‍ അറഫയില്‍ നിന്നിട്ടില്ല. അറഫയില്ലെങ്കില്‍ ഹജ്ജില്ല. ഉപേക്ഷിക്കേണ്ടതൊന്നും ഉപേക്ഷിക്കാന്‍ തയ്യാറെല്ലങ്കില്‍ പണവും സമയവും അധ്വാനവും പാഴാക്കലാവും ഫലം.
‘ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു (49:13)’. പ്രവാചകന്റെ വിടവാങ്ങള്‍ പ്രസംഗത്തില്‍ നിന്ന്: ‘ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്, നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്, നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്, ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല, ദൈവ ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ’. അറഫയിലാണ് പ്രവാചകന്‍ (സ) സാര്‍വലൗകിക സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ മഹാവിളംബരം ഏറ്റവും ഒടുവില്‍ നടത്തിയത്. ജാതി, മത, വര്‍ഗ, വര്‍ണ, ദേശ, ഭാഷാ, പാര്‍ട്ടി, ഗ്രൂപ്പ് വിഭാഗങ്ങളായി തമ്മില്‍ തല്ലി തലകീറുകയും ചോര ചിന്തുകയും ചെയ്യുന്ന സമകാലിക ലോക ജനതക്ക് പഠിക്കാന്‍ അറഫാ സമ്മേളനത്തില്‍ ധാരാളം പാഠങ്ങളുണ്ട്.
ഹിജ്‌റയും ജിഹാദും ഒരുമിക്കുന്ന ഒരാരാധനയാണ് ഹജ്ജ്. രണ്ടിലും ആത്മബലിയുണ്ട്. ഹിജ്‌റയെന്നാല്‍ ഒരു സ്ഥലത്ത് നിന്ന് ഭൗതികമായി മറ്റൊരു സ്ഥലത്തേക്കുള്ള പലായനമല്ല, മറിച്ച് ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്കുള്ള പരിവര്‍ത്തനമാണ്. വ്യക്തമായി പറഞ്ഞാല്‍ അജ്ഞതയില്‍ നിന്ന് ദൈവാര്‍പ്പണത്തിലേക്കുള്ള പ്രയാണം എന്ന് പറയാം.
ദൈവ സമര്‍പ്പണം (സ്രഷ്ടാവിന്റെ ആജ്ഞ അനുസരിച്ച് ജീവിക്കല്‍) പ്രപഞ്ചത്തിന്റെ പ്രകൃതമാണ്. അതാണ് സത്യപാത. ആദി ഊര്‍ജത്തില്‍ തുടങ്ങി അണു മുതല്‍ ബ്രഹ്മാണ്ഡകടാഹം വരെ അത് കണിശമായി പാലിച്ചുപോരുന്നു എന്നതിന് ഈ മഹാപ്രപഞ്ചത്തിലെ ഓരോ ഊര്‍ജ ചലനവും അണുവും സാക്ഷിയാണ്. തെരെഞ്ഞെടുപ്പ് അധികാരം നല്‍കപ്പെട്ടിട്ടുള്ള മനുഷ്യ മനസ്സ് മാത്രം അത് കൃത്യമായി പാലിക്കാതെ അധികാര ദുര്‍വിനിയോഗം നടത്തുന്നു. നഫ്‌സുല്‍ അമ്മാറ പിശാചിനൊപ്പംകൂടി ദേഹേച്ഛകള്‍ ആസ്വദിക്കാനാണ് അങ്ങനെ ചെയ്യുന്നത്. അത് അസത്യവും അധര്‍മവും ക്രമരഹിതവുമാണ്. അപകടകരമായ ജീവിത പരാജയത്തിന്റെ വഴി. ദേഹേച്ഛകളുടെ താല്‍പര്യങ്ങളുടെ തടവറയില്‍ നിന്ന് മനസ്സിനെ മോചിപ്പിച്ചെടുക്കാന്‍, ആസ്വദിച്ച് ശീലിച്ച പ്രിയപ്പെട്ട പലതിനെയും ബലി നല്‍കേണ്ടിവരും. അതിന് വേഷഭൂഷാധികളിലും പരിസ്ഥിതിയിലും സ്ഥലത്തിലും മാറ്റം വേണ്ടിവരും. അവിടെയാണ് ഹിജ്‌റയും ജിഹാദും ബലിയുമൊക്കെ കടന്നുവരുന്നത്.
ത്വവാഫ് ഒരു പ്രകടനവും പ്രഖ്യാപനവുമാണ്. ഖുറൈശികള്‍ ഒരാരോപണം പ്രചരിപ്പിച്ചു: ‘സുഭിക്ഷമായി നമ്മോടൊപ്പം മക്കയില്‍ കഴിഞ്ഞിരുന്ന വേണ്ടപ്പെട്ട പലരും മുഹമ്മദിന്റെ കൂടെക്കൂടി മദീനയിലേക്ക് പോയപ്പോള്‍ പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പേക്കോലങ്ങളായി മാറി’ ഈ വിവരം പ്രവാചകന്റെ ചെവിയിലുമെത്തി. പുരുഷ ഹാജിമാരെല്ലാം ഒരു തോള്‍ ഒഴിവാക്കി ഇഹ്‌റാം വസ്ത്രം ധരിച്ച് തങ്ങളുടെ ആരോഗ്യം പ്രദര്‍ശിപ്പിക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചു. അതോടൊപ്പം ചിട്ടയായി അടിവെച്ചടിവെച്ച് പട്ടാളത്തെപ്പോലെ കഅബയെ വലയം ചെയ്യുന്ന മുസ്‌ലിംകളെ കീഴ്‌പ്പെടുത്താന്‍ ഇനി ഖുറൈശികള്‍ക്കോ മറ്റോ സാധ്യമല്ലന്ന സന്ദേശം നല്‍കാനും പ്രവാചകന്‍ ത്വവാഫിന്റെ ക്രമീകരണത്തിലൂടെ ഉദ്ദേശിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം എവിടെയും എപ്പോഴും അല്ലാഹുവിനെ വിട്ടു പോകാതെ, ഈ മന്ദിരത്തെ വലയം ചെയ്യുന്ന പോലെ, അല്ലാഹുവിന്റെ ഹുദൂദ് (അതിര്‍വരമ്പുകള്‍, മറ്റുവാക്കില്‍ പറഞ്ഞാല്‍ ശരീഅത്ത്) പാലിക്കാന്‍ ഞങ്ങളിതാ തയ്യാറാണ് എന്ന പ്രഖ്യാപനത്തിന്റെ പ്രതീകമാണ് ആ പ്രദക്ഷിണം. ‘അല്ലാഹുവിന്റെ നിയമപരിധികളെ വല്ലവനും അതിലംഘിക്കുന്ന പക്ഷം, അവന്‍ അവനോട് തന്നെ അന്യായം ചെയ്തിരിക്കുന്നു.’ (65:1).
സഅ’യ് ആണ് ഹജ്ജിലെ മറ്റൊരു പ്രധാന പ്രതീകം. ദാഹാര്‍ത്തനായ പുത്രന് ജലം നല്‍കാന്‍ സഫാ, മര്‍വ മലകള്‍ക്കിടയില്‍ മാതാവ് ഹാജറ ഓടിയും നടന്നും അധ്വാനിച്ച ചരിത്രപ്രസിദ്ധമായ സംഭവ കഥയെ ഓര്‍മിപ്പിക്കുന്ന സഅ’യ് എന്ന പ്രതീകാത്മക കര്‍മം ജീവിതത്തിന്റെ നേര്‍ ചിത്രമാണ്. അല്ലാഹുവിന്റെ വിധിക്ക് കീഴ്‌പ്പെട്ട് കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം ജീവന്‍ പണയം വെച്ച് അധ്വാനിച്ച ഹാജറയെപ്പോലെ ഈ ദീന്‍ നിലനിര്‍ത്തി അധ്വാനിക്കാന്‍ ഞാനിതാ തയ്യാറാണ് നാഥാ എന്ന ഹാജിയുടെ വിളംബരമാണ് സഅ’യ്.
മനുഷ്യന്‍ = പ്രയത്‌നം.
മനുഷ്യന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല (53:39). അതിന് തക്കവണ്ണമാണ് അവന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ‘തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു(90:4)’. ‘ഹേ, മനുഷ്യാ, നീ നിന്റെ രക്ഷിതാവിലേക്ക് കടുത്ത അധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു (84:6)’.
ജലം അന്വേഷിച്ച് പാരവശ്യത്തോടെ പാഞ്ഞ ഹാജറക്ക് പ്രത്യക്ഷത്തില്‍ ആ പ്രയത്‌നത്തില്‍ വിജയിക്കുന്ന അടയാളമൊന്നും കാണാനുണ്ടായിരുന്നില്ല. എന്നാല്‍ ഒരു പ്രവാചകന്റെ കീഴില്‍ ശരിയായ സത്യവിശ്വാസ ജീവിത പരിശീലനം നേടിയിരുന്ന ഹാജറ അവസാനിക്കാത്ത പ്രതീക്ഷയോടും അതിലേറെ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടും ക്ഷമയോടെ പ്രയത്‌നം ആവര്‍ത്തിച്ചത് സത്യവിശ്വാസികള്‍ക്ക് മാതൃകയാവാനാണ് ആവര്‍ത്തനം. ഹാജറയുടെ അധ്വാനമല്ല അവര്‍ക്ക് ജലം നേടിക്കൊടുത്തത്. ഇസ്മാഈലിന്റെ കുഞ്ഞിക്കാലുകള്‍ പതിച്ചിടത്ത് അല്ലാഹുവിന്റെ പ്രത്യേക ഇടപെടല്‍ കൊണ്ടാണ് കുളിര്‍നീരുറവ പൊട്ടി ഒഴുകിയത്. മനുഷ്യപ്രയത്‌നം അല്ലാഹു സ്വീകരിച്ചു കൊണ്ട് അവന്റെ യുക്തി അനുസരിച്ചാണ് ഫലം നല്‍കുക എന്നൊരു പാഠവും ഇതിലൂടെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെയെല്ലാം കാര്യം അങ്ങനെ തന്നെയാണ്. അതിനാലാണ് ചില പ്രാര്‍ത്ഥനകള്‍ക്കും പ്രയത്‌നങ്ങള്‍ക്കും നാം അവ ആത്മാര്‍ഥമായി ചെയ്യുമ്പോഴും പ്രതീക്ഷിക്കുന്ന രീതിയില്‍ ഫലം ലഭിക്കാത്തത്. അതുകൊണ്ട് പ്രാര്‍ത്ഥനയോ പ്രയത്‌നമോ പാഴായിപ്പോയി എന്ന് സത്യവിശ്വാസി നിരാശപ്പെടേണ്ടതില്ല. കാര്യങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അടിമക്ക് ഉത്തമമായത് അടിമയെക്കാല്‍ ഏറ്റവും നന്നായി അറിയുന്നത് സര്‍വജ്ഞനായ സംരക്ഷകനാണ്. ഈ യാഥാര്‍ഥ്യം മനസ്സില്‍ ദൃഢമാകുമ്പോള്‍ മനുഷ്യന്‍ വിധിയോട് സംതൃപ്തമായി പൊരുത്തപ്പെട്ട് ശാന്തമായി മൂന്നാട്ട് നീങ്ങും. അതിനാല്‍ സത്യവിശ്വാസി ഏത് അങ്കലാപ്പിനിടയിലും പ്രതീക്ഷാനിര്‍ഭരനും ശുഭാപ്തി വിശ്വാസിയുമായിരിക്കും. അതാണ് ഹാജറയിലൂടെ അല്ലാഹു പ്രകടമാക്കുന്നത്.
പുത്ര ബലിക്ക് ദൈവിക നിര്‍ദ്ദേശം ലഭിച്ചപ്പോള്‍ അതില്‍ നിന്ന് ഇബ്രാഹീം നബി(അ)യെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പൈശാചിക പ്രേരണയെ തുരത്താനാണ് അദ്ദേഹം കല്ലെറിഞ്ഞത്. സത്യവിശ്വാസികള്‍ പൈശാചിക ദുര്‍ബോധനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന്റെ പ്രതീകമാണ് കല്ലേറ്. സ്തൂപങ്ങളിലേക്കല്ല സ്വന്തം ഹൃദയത്തിലേക്കാണ് ആ ഏറ് ചെന്നു പതിക്കേണ്ടത്. അല്ലാഹുവിനോടുള്ള പ്രിയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ‘മക്കളില്ലാത്ത എനിക്ക് ഒരു പുത്രനുണ്ടായാല്‍ അവനെയും അല്ലാഹുവിന്റെ തൃപ്തിക്ക് ബലി നല്‍കാന്‍ ഞാന്‍ തയ്യാറാണന്ന് ‘ ഒരിക്കല്‍ ഇബ്രാഹീം നബി പറഞ്ഞതായി കഥയുണ്ട്. അത് പരീക്ഷിക്കാനായിരുന്നു പുത്ര ബലി കല്‍പന. തനിക്കേറ്റവും ഇഷ്ടപ്പെട്ടതും അല്ലാഹുവിന്റെ തൃപ്തിക്കായി ബലി നല്‍കുക, അതാണ് ബലിയുടെ സന്ദേശം. അപ്പോള്‍ നാം അവനവന്റെ ഇസ്മാഈലിനെ അല്ലാഹുവിന്റെ തൃപ്തിക്കായി ബലി കൊടുക്കുക. സത്യവിശ്വാസ സാക്ഷ്യത്തിന്റെ ഔന്നിത്യമാണത്.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala3 days ago
ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
News3 days ago
ഗസ്സയില്‍ പട്ടിണി രൂക്ഷം; ഭക്ഷണം കിട്ടാതെ 11 പേര് കൂടി മരിച്ചു
-
News3 days ago
കോഹ്ലിയുടെ അവസാന ടെസ്റ്റ് ജേഴ്സി വീടിന്റെ ചുമരില്‍ ഫ്രെയിം ചെയ്ത് മുഹമ്മദ് സിറാജ്
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
kerala3 days ago
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം
-
kerala2 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
kerala2 days ago
ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു