ബാലഭാസ്‌കര്‍ കണ്ണുതുറന്നു; മകളുടെ മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അച്ഛന്‍ വിളിച്ചപ്പോള്‍ ചെറുതായി കണ്ണുതുറന്നുവെന്നാണ് വിവരം. അതേസമയം, ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും. വിവിധകോണുകളില്‍ നിന്ന് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷണങ്ങള്‍ വരുന്ന സാഹചര്യത്തിലാണ് തീരുമാനം.

അബോധാവസ്ഥയിലാണ് ബാലഭാസ്‌ക്കര്‍ ഇപ്പോഴും. വെന്റിലേറ്ററിലുള്ള ബാലഭാസ്‌കറെ കഴിഞ്ഞ ദിവസം പിതാവ് എത്തി വിളിച്ചപ്പോള്‍ ചെറുതായി കണ്ണുതുറന്നിരുന്നു. രക്തസമ്മര്‍ദ്ദത്തില്‍ ഇടക്കിടെ വ്യതിയാനം സംഭവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ, ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി കാണുന്നുണ്ട്. ലക്ഷ്മി അപകട നില തരണം ചെയ്തു. െ്രെഡവര്‍ അര്‍ജുന്റെ ആരോഗ്യനില തൃപ്തികരമാണ്. അപകടത്തില്‍ മരിച്ച തേജസ്വിനി ബാലയുടെ മൃതദേഹം ലക്ഷ്മിയെ കാണിച്ച ശേഷം ഇന്നലെ സംസ്‌കരിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനു സാരമായി പരിക്കേറ്റു. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ബാലഭാസ്‌ക്കറിന്റെ മടിയില്‍ ഉറങ്ങുകയായിരുന്ന മകള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. പതിനാറുവര്‍ഷത്തെ നീണ്ട ഇടവേളക്കു ശേഷമാണ് ബാലഭാസ്‌ക്കര്‍-ലക്ഷ്മി ദമ്പതികള്‍ക്ക് കുഞ്ഞ് ജനിക്കുന്നത്.

SHARE