ബജറ്റ് 2019-കര്‍ഷകര്‍ക്ക് പി.എം കിസാന്‍ പദ്ധതി; പശുക്ഷേമത്തിന് 750 കോടി

ന്യൂഡല്‍ഹി: ബജറ്റ് നിര്‍ദേശങ്ങള്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെ ബജറ്റ്് അവതരണം പുരോഗമിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്. രാവിലെ 11ന് ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ലോക്‌സഭയിലെത്തി ബജറ്റ് അവതരിപ്പിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്കുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു. പണപ്പെരുപ്പം കുറഞ്ഞു. ഭീകരവാദം ഇല്ലാതായി. രാജ്യത്ത് അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കി. വിലക്കയറ്റവും ധനക്കമ്മിയും കുറഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബജറ്റിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. ഇടക്കാല ബജറ്റിലെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മനീഷ് തിവാരിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഗോസംരക്ഷണത്തിന് 750 കോടിരൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ടെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.

പശുക്ഷേമത്തിന് രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതി. ഇതിനായി 750 കോടി വകയിരുത്തും. ലോകത്ത് ഏറ്റവുമധികം പാലുല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കന്നുകാലി പരിപാലനത്തില്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് രണ്ടുശതമാനം പലിശ ഇളവോടെ ധനസഹായം നല്‍കും കൃത്യസമയത്ത് ലോണ്‍ തിരിച്ചടക്കുന്നവര്‍ക്ക് മൂന്നുശതമാനം കൂടി പലിശ ഇളവു ലഭിക്കുമെന്നും ബജറ്റില്‍ പറയുന്നു. കൂടാതെ മൃഗസംരക്ഷണത്തിനായുള്ള രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതി വിഹിതം 750 കോടിയായി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പശുക്കള്‍ക്കുവേണ്ടിയുള്ള നിയമങ്ങളും ക്ഷേമപദ്ധതികളും കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്ക് പി.എം കിസാന്‍ പദ്ധതി നടപ്പിലാക്കും. കര്‍ഷകര്‍ക്ക് 6000 രൂപ വരുമാനം ഉറപ്പാക്കും. ഇതിനായി 75000 കോടി നീക്കിവെച്ചു. ഈ വര്‍ഷം 20000 കോടി വകയിരുത്തി. കൃത്യസമയത്ത് വായ്പ തിരിച്ചടക്കുന്നവര്‍ക്ക് 5 ശതമാനം കാര്‍ഷിക കടാശ്വാസം.

ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് രണ്ട് ശതമാനം നികുതിയിളവ്. പ്രതിമാസ ശരാശരി ജി.എസ്.ടി വരുമാനം 97,100. ജി.എസ്.ടി നികുതി ഭാരം പഠിക്കാന്‍ വിദഗ്ധസംഘം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍. പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കും. ഇതിനായി 500 കോടി രൂപ വകയിരുത്തും. നാടോടി ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി ബോര്‍ഡ് രൂപീകരിക്കും

എട്ട് കോടി എല്‍.പി.ജി കണക്ഷന്‍ നല്‍കും. അംഗന്‍വാടി, ആശ വര്‍ക്കര്‍മാരുടെ വേതനം 50 ശതമാനം വര്‍ധിപ്പിക്കും.

SHARE