Connect with us

Views

‘പ്രളയം’ ദുരന്തമല്ല പ്രതിഭാസമാണ്

Published

on

‘നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല. അമ്പരിപ്പിക്കുന്നത്ര വെള്ളമാണ് ചില പ്രളയ കാലത്ത് നദികളിലൂടെ ഒറ്റയടിക്ക് ഒഴുകിയെത്തുന്നത്. പുഴയിലെ വെള്ളത്തിന്റെ സാധാരണനിരപ്പില്‍നിന്നും ഏറെ ഉയരത്തില്‍ ഇതെത്താം. സാധാരണയായി വെള്ളം കയറാത്ത നദിയില്‍ നിന്ന് ഏറെ ദൂരത്തില്‍ പോലും ഇതിന്റെ പ്രഭാവം ഉണ്ടാകാം. ഇങ്ങനെയുള്ള പ്രളയങ്ങള്‍ പക്ഷേ അപൂര്‍വമാണ്. ഇത് അന്‍പതോ നൂറോ വര്‍ഷത്തിനിടയില്‍ ഒരിക്കലേ ഉണ്ടാകൂ. ഇതാണിതിന്റെ പ്രധാന പ്രശ്‌നവും. നദിയുടെ എത്രവരെ വെള്ളം വരാമെന്ന് ഒരു തലമുറകൊണ്ട് നാട്ടുകാര്‍ മറന്നുപോകും. പക്ഷേ, പ്രകൃതിക്ക് മറവിയില്ല. പതിറ്റാണ്ടുകള്‍ക്കും നൂറ്റാണ്ടുകള്‍ക്കും ഇടയില്‍ പിന്നെയും നദി അതിന്റെ യഥാര്‍ത്ഥ അതിരുകളെ തിരിച്ചു പിടിക്കും. അതിനിടക്ക് മനുഷ്യന്‍ അവിടെ ഹോട്ടലോ റോഡോ ഉണ്ടാക്കിയിരിക്കും. അതെല്ലാം നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്യും.

കേരളത്തിലെ പ്രശസ്തമായ ‘തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം’ ഓര്‍ക്കുക. അന്ന് എവിടംവരെ വെള്ളം പൊങ്ങിയെന്ന് ഇപ്പോഴും പലയിടത്തും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അത് ആയിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് ജൂലൈ മാസത്തിലായിരുന്നു. തിരുവിതാംകൂറിന്റെ ഏറെ ഭാഗം വെള്ളത്തിനടിയിലായി. വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇന്ന് കേരളത്തിലെ ഭൂരിഭാഗം ആളുകളും ഇത് മറന്നുകഴിഞ്ഞു. ഇടുക്കിയില്‍ അണയും കെട്ടിയതോടെ പെരിയാറിന്റെ കരയില്‍ ‘മനോഹരമായ’ വീടുവെക്കാന്‍ ഇപ്പോള്‍ മത്സരമാണ്. കീടനാശിനി ഉണ്ടാക്കുന്ന ഫാക്ടറി മുതല്‍ വിമാനത്താവളം വരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അമ്പതു വര്‍ഷത്തിനകം നാം നടത്തിയിരിക്കുന്നത് തൊണ്ണൂറ്റൊമ്പതില്‍ വെള്ളം കയറിയ സ്ഥലത്താണ്. ഇനിയൊരിക്കല്‍ ഇവിടെല്ലാം വെള്ളം കയറുമെന്നത്, അത്തരം ഒരു മഴ ഉണ്ടാകുമെന്നത് സ്റ്റാറ്റിസ്റ്റിക്കല്‍ ആയി ഉറപ്പാണ്. പുതിയതായി ഫഌറ്റോ സൂപ്പര്‍ മാര്‍ക്കറ്റോ ഉണ്ടാക്കുന്നതിനു മുമ്പ് ഇവിടെ പണ്ട് വെള്ളം പൊങ്ങിയിട്ടുണ്ടോ എന്നൊന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

അണക്കെട്ടുകള്‍ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുമെന്നു പൊതുവേ ധാരണയുണ്ട്. മിക്കവാറും വര്‍ഷങ്ങളില്‍ ഇത് ശരിയുമാണ്. വന്‍പ്രളയത്തിന്റെ സമയത്ത് അണക്കെട്ടുകള്‍ ഇരുതല വാളാണ്. 2010ലെ പാകിസ്താന്‍ പ്രളയത്തിലും 2011ലെ തായ്‌ലന്റ് പ്രളയത്തിലും അണക്കെട്ടുകള്‍ പ്രശ്‌നം വഷളാക്കുകയാണ് ചെയ്തത്. വെള്ളം പരിധിവിട്ട് ഉയരുമ്പോള്‍ അണക്കെട്ടിന്റെ സുരക്ഷയെക്കരുതി വെള്ളം തുറന്നുവിടുന്നത് താഴെ ഭാഗത്ത് ദുരന്തത്തിന്റെ തീക്ഷ്ണത വര്‍ധിപ്പിക്കുന്നു. അതേസമയം വെള്ളപ്പൊക്കമുള്ള സമയത്ത് അണക്കെട്ട് തുറന്നുവിടാത്തത് അണക്കെട്ടിന്റെ മുകളിലുള്ളവരുടെ ദുരന്തകാലം വര്‍ധിപ്പിക്കുന്നു. ലോകത്ത് പലയിടത്തും പ്രളയകാലത്ത് അണക്കെട്ടിനപ്പുറവും ഇപ്പുറവും ഉള്ളവര്‍ തമ്മില്‍ വാഗ്വാദവും അടിപിടിയും വരെ ഉണ്ടായിട്ടുണ്ട്. പാകിസ്താനില്‍ നാട്ടുകാര്‍ സംഘടിച്ച് അണക്കെട്ടുകള്‍ തുറന്നുവിട്ടു. തായ്‌ലന്റില്‍ അണകള്‍ സംരക്ഷിക്കാന്‍ പട്ടാളമിറങ്ങേണ്ടിവന്നു.

വാസ്തവത്തില്‍ ചെയ്യേണ്ടത്, പ്രളയം ഉണ്ടാകുന്ന സമയത്ത് പുഴക്ക് വികസിക്കാനുള്ള സ്ഥലം ബാക്കിവെക്കുകയാണ്. അതായത് പുഴയുടെ അരികില്‍ വീടുവെക്കാതെ കൃഷി സ്ഥലമാക്കി മാറ്റിയിടുക. പ്രളയം വരുന്ന വര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്ക് അവരുടെ കൃഷി സ്ഥലത്തേക്ക് വെള്ളം കടന്നു കയറുന്നതിന് നഷ്ടപരിഹാരം നല്‍കുമെന്നു പ്രഖ്യാപിക്കുക. പുഴയുടെ അരികില്‍ ഇപ്പോള്‍ നഗരങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ സംരക്ഷണ ഭിത്തികള്‍ കെട്ടി സംക്ഷിക്കുക. പക്ഷേ പുതിയതായി ജന സാന്ദ്രത വര്‍ധിപ്പിക്കാതിരിക്കുക. യൂറോപ്പില്‍ ഇപ്പോള്‍ വ്യാപകമായി നടക്കുന്നത് ഇതാണ്. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ദുരന്ത പ്രതിരോധത്തിന് മുന്നോട്ടുവെക്കുന്നത് ഈ ആശയമാണ്. വെള്ളപ്പൊക്കം ദുരിതം വര്‍ധിപ്പിക്കുന്നത് പുഴകളുടെ ഉത്ഭവസ്ഥാനത്തുള്ള ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കൊണ്ടുകൂടിയാണ്. ഇവ രണ്ടും ഏറെക്കുറെ മനുഷ്യനിര്‍മ്മിതവുമാണ്. കുത്തായ മലഞ്ചെരുവുകള്‍ വെട്ടിവെളുപ്പിക്കുന്നതും അവിടേക്ക് റോഡുണ്ടാക്കുന്നതും വീടുവെക്കുന്നതും ഉരുള്‍പൊട്ടലിനേയും മണ്ണിടിച്ചിലിനേയും വിളിച്ചുവരുത്തുന്നതാണ്. കേരളത്തില്‍ ഇതു കൂടാതെ മണ്ണെടുക്കുക എന്ന പാതകംകൂടിയുണ്ട്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ് ഇവ രണ്ടും.

‘പ്രളയം’ എന്നത് സത്യത്തില്‍ ഒരു പ്രകൃതി ദുരന്തമല്ല. പ്രകൃതിയുടെ പ്രതിഭാസമാണിത്. ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യുന്നതുമുതല്‍ നദീതടങ്ങളിലെ മൈക്രോ ന്യൂട്രിയന്റിന്റെ വര്‍ധനവരെ പല നല്ല കാര്യങ്ങളും വെള്ളപ്പൊക്കംകൊണ്ട് നടക്കുകയും ചെയ്യുന്നു. പുഴയുടെ സ്വാഭാവിക അതിരുകള്‍ അറിഞ്ഞുള്ള ഭൂവിനിയോഗ പദ്ധതിയിലൂടെ (ലാന്റ് യൂസ് പ്ലാനിങ്) മഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ വനം നശിപ്പിക്കാതെ, കുന്നിടിക്കാതെ നോക്കിയാല്‍ എത്ര വലിയ മഴയും അതിന്റെ വഴിക്കു പോയ്‌ക്കോളും. അതിനു പകരം നദീതടങ്ങളില്‍ വീടും ഹോട്ടലും ഫാക്ടറികളും വിമാനത്താവളവും പണിത്, നദി അതിന്റെ അവകാശപ്പെട്ട അതിരുകള്‍ തിരിച്ചു പിടിക്കുമ്പോള്‍ പ്രകൃതിദുരന്തം ആണെന്ന് പരാതിപ്പെടുന്നത്, തീവണ്ടി വരുന്ന ട്രാക്കില്‍ പാര്‍ക്ക് ചെയ്ത കാര്‍ ട്രെയിനിടിച്ചു നശിപ്പിക്കുമ്പോള്‍ റയില്‍വേയെ കുറ്റം പറയുന്നപോലുള്ള അര്‍ത്ഥശൂന്യതയാണ്.
മുരളി തുമ്മാരുകുടി
(ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ സമിതി ഉദ്യോഗസ്ഥന്‍)

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending