പ്രളയബാധിത മേഖലകളില്‍ സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ഉത്തരവ്

തിരുവനന്തപുരം: പ്രളയബാധിത മേഖലകളില്‍ യൂണിഫോം ധരിച്ചെത്താന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. പലരുടേയും പുസ്തകങ്ങളും നോട്ടുബുക്കുകളും വസ്ത്രങ്ങളും ഉള്‍പ്പെടെ സര്‍വതും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇവ ക്ലാസില്‍ കൊണ്ടുവരാന്‍ കഴിയാത്തതിന്റെ പേരില്‍ ഒരു തരത്തിലുള്ള നടപടിയും സ്വീകരിക്കാന്‍ പാടില്ല.

സ്‌കൂള്‍ പരിസരവും ക്ലാസുകളും ശുചിമുറികളും വൃത്തിയാക്കിയിട്ടുണ്ടെന്നും അനാരോഗ്യകരമായ ഒരു സാഹചര്യവും സ്‌കൂളുകളിലില്ലെന്നും അധ്യാപക രക്ഷാകര്‍തൃ സംഘടനകളും സ്‌കൂള്‍ മാനേജ്‌മെന്റുകളും ഉറപ്പുവരുത്തണം. അതുപോലെ, ഉച്ചഭക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്ക് അത് ലഭ്യമാക്കിയിട്ടുണ്ടെന്ന് നൂണ്‍ മീല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണം.

എല്ലാ സ്‌കൂളുകളും ഈ നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് സി.ബി.എസ്.ഇ റീജിണല്‍ ഓഫീസര്‍മാരും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍മാരും ജില്ലാ കളക്ടര്‍മാരും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരും ഉറപ്പ് വരുത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.

SHARE