വിന്‍ഡീസിനെതിരെ ഓസീസിന് ബാറ്റിങ് തകര്‍ച്ച

വെസ്റ്റിന്‍ഡീസിനെതിരായ ലോകകപ്പ് മല്‍സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഓസീസിന് 68 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായി.
ഡേവിഡ് വാര്‍ണര്‍ , ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് , ഉസ്മാന്‍ ഖവാജ, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് പുറത്തായത്. വിന്‍ഡീസിനായി ഷെല്‍ഡന്‍ കോട്രല്‍ രണ്ടും ആന്ദ്രെ റസ്സല്‍, ഒഷെയ്ന്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ വെസ്റ്റിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പിലെ ആദ്യ മല്‍സരം ജയിച്ചുതുടങ്ങിയ ഇരു ടീമുകളും തുടര്‍ച്ച തേടി കളത്തിലിറങ്ങുമ്പോള്‍ ആവേശം വാനോളം ഉയരും. പാക്കിസ്ഥാനെതിരെ ജയിച്ച ടീമില്‍ വിന്‍ഡീസ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ഡാരന്‍ ബ്രാവോയ്ക്കു പകരം എവിന്‍ ലൂയിസ് കളിക്കും. ആദ്യ മല്‍സരം ജയിച്ച ടീമില്‍ ഓസീസ് മാറ്റമൊന്നും വരുത്തിയിട്ടില്ല.

ആദ്യ മല്‍സരത്തില്‍ കരുത്തരായ പാക്കിസ്ഥാനെ തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് വിന്‍ഡീസിന്റെ വരവ്. ബോളര്‍മാരുടെ മിന്നുന്ന ഫോമായിരുന്നു ഈ മല്‍സരത്തില്‍ വിന്‍ഡീസിനെ വിജയത്തിലെത്തിച്ചത്. ബാറ്റിങ്ങില്‍ തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി കുറിച്ച ക്രിസ് ഗെയ്!ലിന്റെ ഫോമും അവര്‍ക്ക് ആത്മവിശ്വാസം പകരും. മറുവശത്ത് താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്ഥാന് എതിരെയാണെങ്കിലും കിരീടം നിലനിര്‍ത്താനുള്ള പടയൊരുക്കത്തിന് വിജയത്തുടക്കമിടാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് ടീം.