ഗവര്‍ണര്‍ പദവിക്ക് നാണക്കേട്

നിയമസഭാതെരഞ്ഞെടുപ്പുഫലം തൂക്കുസഭ സൃഷ്ടിച്ചിട്ടും കര്‍ണാടകയില്‍ ബി.ജെ.പിയുടെ യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. കേന്ദ്ര ഭരണകക്ഷിക്ക് കേവലഭൂരിപക്ഷമായ 112 വേണ്ടിടത്ത് 104 സാമാജികര്‍ മാത്രമാണുള്ളതെന്ന് വ്യക്തമായിട്ടും ബി.ജെ.പി നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകവഴി ഗവര്‍ണര്‍ പദവിയെ അധിക്ഷേപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ നോമിനിയാണ് കര്‍ണാടക ഗവര്‍ണറും ആര്‍.എസ്.എസുകാരനുമായ വാജുഭായ്‌വാല എന്നതു മാത്രമാണ് ഈ നടപടിക്ക് ഹേതുകം. സ്വതന്ത്ര ജനാധിപത്യ ഇന്ത്യ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭരണഘടനയുടെ അവഹേളനത്തിനും രാഷ്ട്രീയ കുതിരക്കച്ചവടത്തിനും പരമാവധി സൗകര്യം അനുവദിച്ചിരിക്കുകയാണ് ഗവര്‍ണറും നരേന്ദ്രമോദി ഭരണകൂടവും.
തിങ്കളാഴ്ച മുഴുവന്‍ ഫലവും പുറത്തുവരുന്നതിനുമുമ്പേതന്നെ കേവല ഭൂരിപക്ഷത്തിന് തങ്ങള്‍ അര്‍ഹരല്ലെന്ന് പ്രധാനപ്പെട്ട മൂന്നു കക്ഷികളും ഉറപ്പിച്ചിരുന്നതാണ്. ഭരണത്തിലുള്ള കോണ്‍ഗ്രസ് 122ല്‍ നിന്ന് 78ലേക്ക് താഴ്ന്ന് രണ്ടാമത്തെ വലിയ കക്ഷിയായപ്പോള്‍ പ്രതിപക്ഷത്തുണ്ടായിരുന്ന ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയും ജനതാദള്‍ സോഷ്യലിസ്റ്റ് 37 സീറ്റോടെ മൂന്നാമത്തെ വലിയ കക്ഷിയും ആകുകയാണ് സംഭവിച്ചത്. ഭരണം പ്രതീക്ഷിച്ചിരുന്ന ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കിക്കൊണ്ട് സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മികവുറ്റ ആസൂത്രണത്തോടെയും ചടുലതയോടെയും കോണ്‍ഗ്രസ് ജനതാദളിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു. പരസ്പരം പോരടിച്ചാണ് മല്‍സരിച്ചതെങ്കിലും ഫാസിസ്റ്റ് ഭീഷണിയെ എന്തുവില കൊടുത്തും തടയണമെന്നതായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ നീക്കത്തിന് പ്രേരകം. മാത്രമല്ല, മതേതര വിശ്വാസികളായ രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനതയുടെ അഭിലാഷവും അതായിരുന്നു. എന്നാല്‍ ഇതിനെ പച്ചക്ക് അരിഞ്ഞുതള്ളി ഏതു വിധേനയും അധികാരം പിടിക്കുമെന്ന വാശിയാണ് ഇന്നലത്തെ ഗവര്‍ണറുടെ നടപടിയിലൂടെ സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും കുതന്ത്രങ്ങളാണ് പതിവുപോലെ ഇവിടെയും പ്രയോഗിച്ചിരിക്കുന്നതെന്ന് സുവ്യക്തം.
104ല്‍ നിന്ന് 112 തികക്കാന്‍ (കുമാരസ്വാമിയുടെ രണ്ടു സീറ്റിലെ ഒരു വിജയം കുറച്ചാല്‍ 111) എന്തുവഴിയാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി പറയാതെ പറയുന്നുണ്ട്. ഇന്നലെ രാവിലെ രാജ്ഭവനിലെ സത്യപ്രതിജ്ഞയില്‍ പതിവുപോലെ മോദിയോ അമിത്ഷായോ പങ്കെടുത്തില്ല എന്നതും അവരുടെ അനിശ്ചിതത്വം വെളിപ്പെടുത്തുന്നുണ്ട്. ജനതാദള്‍ എം.എല്‍.എ ആനന്ദ് സിങിനെ സാമ്പത്തിക കുറ്റാന്വേഷണ ബ്യൂറോ (എന്‍ഫോഴ്‌സ്‌മെന്റ്) ഉദ്യോഗസ്ഥരെ കൊണ്ട് ഭീഷണിപ്പെടുത്തിയതും ഹെലികോപ്റ്ററില്‍ കടത്തിയതും നൂറുകോടി രൂപ ചാക്കിലിടാനായി വീശിയിരിക്കുന്നുവെന്ന വാര്‍ത്തകളുമൊന്നും മോദിയുടെയും അമിത്ഷായുടെയും ഗതകാല ചെയ്തികളെക്കുറിച്ച് അറിയാവുന്നവരെ സംബന്ധിച്ച് അല്‍ഭുതമുളവാക്കുന്നില്ല. പതിനഞ്ച് ദിവസത്തേക്ക് ഗവര്‍ണറോട് എഴുതിവാങ്ങിയിരിക്കുന്ന കാലാവധി ഈ പണം വിതറലിനും അധികാരം ഉപയോഗിച്ചുള്ള ഭീഷണിക്കുമുള്ളതാണ്. ഒരു ബി.ജെ.പി നേതാവ് ടി.വി ചാനലില്‍ പറഞ്ഞതുപോലെ, ഒരു ഡസന്‍ പ്രതിപക്ഷ എം.എല്‍.എമാരെങ്കിലും തങ്ങളുടെ പക്ഷത്തേക്ക് വരുമെന്നത് അധികാരവും പണവും ഉപയോഗപ്പെടുത്തി എന്തിനും ആ കക്ഷി തയ്യാറാകുമെന്നതിന്റെ വ്യക്തമായ തെളിവാണ്. അതിന് ഇടം ലഭിക്കാതിരിക്കട്ടെ എന്നുമാത്രമേ ഈ അവസരത്തില്‍ പ്രാര്‍ത്ഥിക്കാനാകൂ. ജനതാദളിന്റെ മുഖ്യമന്ത്രിയായി കുമാരസ്വാമിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റും ഗവര്‍ണറെ ആദ്യമേ ചെന്നുകണ്ട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അവരെ ചര്‍ച്ചക്ക് ക്ഷണിക്കാന്‍ പോലും ഗവര്‍ണര്‍ തയ്യാറായില്ല എന്നിടത്തുനിന്ന് തുടങ്ങിയിരുന്നു യഥാര്‍ത്ഥത്തില്‍ മോദിയുടെ കരുനീക്കങ്ങള്‍. തെര.കമ്മീഷന്റെ നോട്ടീസ് കിട്ടട്ടെ എന്നായിരുന്നു ഗവര്‍ണറുടെ മറുപടിയെങ്കില്‍ പിന്നീട് രായ്ക്കുരാമാനം ബി. ജെ.പി നേതാവ് യെദിയൂരപ്പയെ കാണാന്‍ അദ്ദേഹം അനുമതി നല്‍കി. ബുധനാഴ്ച രാത്രി വരെയും ആരെ വിളിക്കുമെന്ന അഭ്യൂഹം മന:പൂര്‍വം പടര്‍ത്തിവിടാനാണ് ഗവര്‍ണറുടെ ഓഫീസും കേന്ദ്ര സര്‍ക്കാരും ബി.ജെ.പി നേതൃത്വവും ശ്രമിച്ചത്. കേന്ദ്രമന്ത്രിമാരെ ഇതിനായി സംസ്ഥാനത്ത് കാവല്‍കിടത്തി. ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചെന്ന് ഗവര്‍ണറുടെ ഉത്തരവിന് മണിക്കൂറുകള്‍ക്കുമുമ്പേ ബി.ജെ.പി കര്‍ണാടകഘടകം ട്വിറ്ററിലൂടെ ലോകത്തോട് വെളിപ്പെടുത്തി. മാധ്യമങ്ങള്‍ക്കുപോലും കിട്ടാതിരുന്ന വിവരങ്ങള്‍ ബി.ജെ.പി. എം.എല്‍.എമാര്‍ അനര്‍ഗളം പുറത്ത്‌വിട്ടുകൊണ്ടിരുന്നു. രാവിലെ ഒന്‍പതുമണിക്ക് നടത്തുമെന്ന് പറഞ്ഞ സത്യപ്രതിജ്ഞയെക്കുറിച്ച് രാത്രി പത്തുമണിവരെയായിട്ടും സ്ഥിരീകരിക്കാന്‍ കഴിയാതെ ഊഹാപോഹങ്ങള്‍ക്ക് വിട്ടത് രാജ്യത്തെ നിയമത്തോടും ഭരണഘടനയോടും രാഷ്ട്രീയ നൈതികതയോടുമൊക്കെയുള്ള ബി.ജെ.പിയുടെ തനിമനോഭാവമാണ് പ്രകടമാക്കിയത്.
ഗവര്‍ണര്‍ പദവിയെ തദനുസാരം അപഹസിച്ച് ഭരണഘടനാമൂല്യങ്ങളെയും ജനാധിപത്യത്തെയും കശാപ്പ്‌ചെയ്ത സംഭവം ഇതുപോലെ രാജ്യം ഇതിനുമുമ്പ് കണ്ടിട്ടില്ല. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ഭൂരിപക്ഷമുള്ള ബി.ജെ.പിയുടെ തട്ടിക്കൂട്ടു സഖ്യത്തെ ക്ഷണിച്ചത് ഇതേ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണറായിരുന്നുവെന്നോര്‍ക്കണം. മണിപ്പൂരിലും സമാനതയാണ് സംഭവിച്ചത്. മേഘാലയയില്‍ വെറും രണ്ട് അംഗങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ് വിരുദ്ധരെയെല്ലാം ചാക്കിട്ടുപിടിച്ചാണ് ബി.ജെ.പി അവിടെയും അധികാരത്തിന്റെ അപ്പക്കഷണത്തിനുവേണ്ടി നാറിയ നാടകം കളിച്ചത്. 2016ല്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട മോദി സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയതിനാണ് അവിടുത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള രാജ്യത്തെ ഉന്നതനീതിപീഠത്തിന്റെ തീരുമാനത്തെ കേന്ദ്രം ഇപ്പോള്‍ അട്ടത്തുകയറ്റിവെച്ചിരിക്കുന്നത്. ആറു മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന കൊളീജിയം ശിപാര്‍ശ ചെയ്ത രണ്ടാമത്തെ വ്യക്തിയെ, അവര്‍ ഒരു അഭിഭാഷക മാത്രമായിട്ടും പകരം ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു.
തെരഞ്ഞെടുപ്പുഫലം ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥ സംജാതമാക്കിയാല്‍ എന്തു ചെയ്യണമെന്ന് ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടില്ല എന്നതാണ് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വഴിവെക്കുന്നത്. എന്നാല്‍തന്നെയും നിരവധിയായ കേസുകളിലെ വിധികളായും രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും കീഴ്‌വഴക്കങ്ങളാലും പല തരത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്. ഇതിലൊക്കെ ഭരണഘടനാസ്ഥാപനങ്ങളായ ഇവരുടെ വിവേചനാധികാരമാണ് പ്രധാനം. എങ്കിലും സാമാന്യമായി നോക്കിയാല്‍ ജനഹിതം പ്രതിഫലിക്കപ്പെടുന്ന, ഭൂരിപക്ഷം അംഗങ്ങളുള്ള കക്ഷികളെയോ സഖ്യങ്ങളെയോ ആണ് ക്ഷണിക്കേണ്ടതെന്ന് സാമാന്യബോധമുള്ള ആര്‍ക്കും തോന്നാം. അതുതന്നെയാണ് ജനാധിപത്യത്തിന്റെ ചന്തവും അന്തസ്സും. എന്നാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിനുള്ള 117 അംഗങ്ങളുടെ നേതാവിനെ സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ തയ്യാറാകാതിരുന്ന നടപടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചതുപോലെ ജനാധിപത്യത്തിന്റെ അട്ടിമറിതന്നെയാണ്.