കശ്മീരിനെ കുറിച്ച് ഐക്യരാഷ്ട്ര സഭയില്‍ അടച്ചിട്ട മുറിയില്‍ ഇന്ന് ചര്‍ച്ച; പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല


ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പ്രശ്‌നങ്ങളെ കുറിച്ച് ഐക്യരാഷ്ട്ര സഭയിലെ അടച്ചിട്ട മുറിയില്‍ ഇന്നു ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല. ചൈനയുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലാണ് ചര്‍ച്ച നടത്തുന്നത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 7.30ന് അടച്ചിട്ട മുറിയിലായിരിക്കും ചര്‍ച്ച നടക്കുകയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചര്‍ച്ച പ്രക്ഷേപണം ചെയ്യുകയോ വാര്‍ത്താ ലേഖകരെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുകയോ ഇല്ല. ചര്‍ച്ചയിലുണ്ടാകുന്ന പ്രസ്താവനകളും പരാമര്‍ശങ്ങളുമൊന്നും റെക്കോര്‍ഡായി സൂക്ഷിക്കില്ല. വിഷയം മാധ്യമങ്ങള്‍ വഴി പൊതുസമൂഹത്തെ അറിയിക്കുകയുമില്ല.

ചൈന ഒഴികെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ നാല് സ്ഥിരാംഗങ്ങളും ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് യു.എസ് പ്രതികരിച്ചത്.

SHARE