കണ്ണൂരില്‍ സി.പി.എമ്മിന്റെ കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്ത്


കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടത്തിയതായി കണ്ടെത്തി. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌കൂളിലാണ് കള്ളവോട്ട് നടന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്. ഒരേ സ്ത്രീ രണ്ടു തവണ ബൂത്തിലെത്തി വോട്ടു ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനായി വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചതായും കണ്ടെത്തി.

പിലാത്തറ സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരുമണിക്കൂറിലേറെ കാത്തുനിന്ന് വോട്ട് ചെയ്യാനെത്തിയ യുവതിക്ക് വോട്ട് ചെയ്യാനായില്ല. അവരുടെ വോട്ട് മറ്റാരോ ചെയ്തു എന്ന് അറിയുന്നതും അവരെ പ്രിസൈഡിങ് ഓഫീസര്‍ സമാധാനിപ്പിച്ച് മാറ്റിനിര്‍ത്തുന്നതും ദൃശ്യങ്ങളില്‍. അതേ സമയം മറ്റ് ബൂത്തിലെ വോട്ടര്‍ ഈ ബൂത്തില്‍ രണ്ടുതവണ എത്തിയതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിരിച്ചറിയല്‍ രേഖപോലും ഇല്ലാതെ എത്തിയ അവര്‍ക്ക് ബൂത്തിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതുപോലെ ആറുപേരാണ് ഒരുബൂത്തില്‍ മാത്രം പലതവണ വോട്ട് ചെയ്തിരിക്കുന്നത്.

പ്രാദേശിക നേതാക്കള്‍ ബൂത്തിനടുത്ത് അനധികൃതമായി നില്‍ക്കുകയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിയുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.