കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; എം.എല്‍.എമാരുടെ രാജിയില്‍ സുപ്രിംകോടതി വിധി ഇന്ന്

Janata Dal (Secular) leader H. D. Kumaraswamy, center, speaks to journalists after Chief Minister of Karnataka state B. S. Yeddyurappa announced his resignation in Bangalore, India, Saturday, May 19, 2018. Yeddyurappa was sworn in as Karnataka state's top elected official on Thursday in Bangalore. (AP Photo/Aijaz Rahi)

ബംാഗളൂരു: കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. വിമത എംഎല്‍എമാര്‍ സമ്മേളനത്തിന് എത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, എല്ലാ എംഎല്‍എമാരും സഭയിലെത്തണമെന്ന് കാണിച്ച് കോണ്‍ഗ്രസ് തങ്ങളുടെ എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിക്കുന്നവരെ അയോഗ്യരാക്കാനാണ് നീക്കം. രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് കര്‍ണ്ണാടകയില്‍ നിയമസഭാസമ്മേളനം തുടങ്ങുന്നത്.

എംഎല്‍എമാരെ അയോഗ്യരാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും സ്പീക്കര്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇന്നത്തെ സുപ്രീംകോടതി തീരുമാനം നിര്‍ണായകമാകും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. ഹര്‍ജി പരിഗണിച്ച് കോടതി എംഎല്‍എമാരോട് ഇന്നലെ വൈകീട്ട് ആറുമണിക്ക് സ്പീക്കറെ നേരില്‍ക്കണ്ട് രാജി നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് എംഎല്‍എമാര്‍ സ്പീക്കറെ നേരിട്ട് കണ്ട് രാജി നല്‍കുകയും ചെയ്തു. രാജിക്കാര്യത്തില്‍ ഇന്നലെ തന്നെ തീരുമാനം എടുക്കണമെന്നും, ഇന്ന് കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. എംഎല്‍എമാരുടെ രാജി സമ്മര്‍ദ്ദം മൂലമാണോ, സ്വമേധയാ എടുത്ത തീരുമാനമാണോ എന്ന് പരിശോധിക്കണമെന്നാണ് സ്പീക്കറുടെ നിലപാട്.
അതേസമയം, ഭരണപക്ഷ എംഎല്‍എമാര്‍ രാജിവെച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ബിജെപി നിലപാട്.