ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കൂടുതല്‍ നേതാക്കള്‍

ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു വും, മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും രംഗത്ത് വന്നിരിക്കുന്നത്.

തന്റെ തീരുമാനം വിശദീകരിക്കുന്നതിന് ചൊവ്വാഴ്ച ചന്ദ്രശേഖര്‍ റാവു പത്രസമ്മേളനം വിളിച്ചിരുന്നു. കേന്ദ്രസര്‍ക്കാരുമായി ഭരണഘടനാപരമായ ബന്ധം മാത്രമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘യോഗത്തില്‍ പങ്കെടുത്തിട്ട് എന്താണ് ചര്‍ച്ചചെയ്യാനുള്ളത്? കേന്ദ്രവുമായി ചര്‍ച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല. ഒരു രൂപയുടെ സഹായം പോലും കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിക്കില്ല. മോദിയുടേത് ഒരു ഫാസിസ്റ്റ് സര്‍ക്കാരാണ്. അതൊരു വസ്തുതയാണ്’ അദ്ദേഹം പറഞ്ഞു.

ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു വിദേശത്ത് പോകുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. കുടുംബത്തോടൊപ്പം ഒരാഴ്ചത്തേയ്ക്കാണ് അദ്ദേഹം വിദേശ സന്ദര്‍ശനത്തിന് പോകുന്നത്. ജൂണ്‍ 25ന് മാത്രമേ അദ്ദേഹം തിരികെയെത്തൂ എന്നും പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയം ചര്‍ച്ചചെയ്യുന്നതിന് ബുധനാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. വളരെ ഗൗരവമേറിയ വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അവര്‍ പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ധവളപത്രം പുറത്തിറക്കണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലപാട് വ്യക്തമാക്കാന്‍ ആവശ്യത്തിന് സമയം അനുവദിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

SHARE